മഴ; ഹൈറേഞ്ചിൽ വ്യാപക നാശം
text_fieldsഅടിമാലി: അതിശക്തമായി പെയ്തിറങ്ങിയ മഴയും ശക്തമായ കാറ്റും ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ചു.
പലയിടത്തും മണ്ണിടിഞ്ഞ് റോഡിൽ വീണതോടെ മൂന്നാർ അടക്കം പല ടൗണുകളും ഒറ്റപ്പെട്ട നിലയിലാണ്. അതിനിടെ അടിമാലിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.
മച്ചിപ്ലാവ് പള്ളി മനയിൽ ശശിയാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഓടയിൽ വീണ് മരിച്ചത്. മണ്ണിടിച്ചിലിലും ചെറു ഉരുൾ പൊട്ടലിലും നാശമുണ്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേവിയാർ പുഴ കരകവിഞ്ഞു.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസലിൽ ഉരുൾപൊട്ടി ഗതാഗതം തടസ്സപ്പെട്ടു.
ഈ പാതയിൽ കരടിപ്പാറയിൽ അടക്കം അഞ്ചിടത്ത് കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം നിലച്ചു. കല്ലാർ - മാങ്കുളം റോഡിൽ കല്ലാർവാലി മുതൽ പീച്ചാട് വരെ റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.
മാങ്കുളം - കുറത്തികുടി റോഡിൽ പാലം ഒലിച്ച് പോയി ഗതാഗതം തടസ്സപ്പെട്ടു. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. പന്നിയാർകുട്ടി എസ് വളവിൽ ഉരുൾപൊട്ടലിന് സമാന രീതിയിൽ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. രാജാക്കാട്, രാജകുമാരി, കൊന്നത്തടി, ബൈസൺവാലി, പള്ളിവാസൽ, മാങ്കുളം, അടിമാലി പഞ്ചായത്തുകളിൽ വ്യാപക നാശം സംഭവിച്ചു. ഹെക്ടർ കണക്കിന് കാർഷിക വിളകൾ നശിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ തുടങ്ങിയ മഴ രാത്രിയായതോടെ ശക്തമായി. മച്ചിപ്ലാവ്, പതിനാലാംമൈൽ മേഖല വെള്ളത്തിൽ മുങ്ങി. പനംകുട്ടി - നേര്യമംഗലം പാതയിൽ പലയിടത്തും മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. മാങ്കുളം ആറാം മൈൽ റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടു. മാങ്കുളം തളികത്ത് വെള്ളം കയറി റോഡ് ഗതാഗതം താറുമാറായിട്ടുണ്ട്. കുരിശുപാറ ഹോളിക്രോസ് പള്ളിയിൽ വെള്ളം കയറി.
ഗ്യാപ് റോഡിൽ ഗതാഗതം നിരോധിച്ചു
അടിമാലി: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഗ്യാപ് റോഡിൽ ഗതാഗതം നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. തിങ്കളാഴ്ച രാത്രി പലകുറി മണ്ണിടിഞ്ഞ് വീണ സാഹചര്യത്തിലാണ് ഗതാഗതം നിരോധിക്കാൻ കാരണം. ഈ കാലവർഷത്തിൽ രണ്ടാം വട്ടമാണ് ഗ്യാപ്റോഡിൽ ഗതാഗതം നിരോധിക്കുന്നത്. കൂറ്റൻ പാറയുൾപ്പെടെയാണ് റോഡിൽ പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.