പത്തിവിരിച്ച് രാജവെമ്പാലകൾ; ഭയന്ന് വിറച്ച് ജനം...
text_fieldsഅടിമാലി: നേര്യമംഗലം റേഞ്ചിൽ വാളറ ഫോറസ്റ്റ് സ്റ്റേഷന് സമീപം കമ്പിലൈൻ പ്രദേശത്ത് രാജവെമ്പാലകൾ വിളയാടുകയാണ്. ഒരാഴ്ചക്കിടെ അഞ്ച് രാജവെമ്പാലകളെയാണ് പിടികൂടിയത്. ഇതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് ഈ കുടിയേറ്റ കാർഷിക ഗ്രാമത്തിലെ ജനങ്ങൾ. ആറാംമൈൽ-പഴമ്പിളിച്ചാൽ റോഡിൽനിന്ന് കമ്പിലൈൻ വഴി ഒഴുവത്തേക്ക് പോകുന്ന റോഡിൽ ഒഴുവത്തടം ജങ്ഷനോട് ചേർന്നാണ് രാജവെമ്പാലകളെ പിടികൂടിയത്.
11 മുതൽ 16 അടി വരെ നീളമുള്ളതും 12 മുതൽ 19 കിലോ വരെയുള്ളതുമായ രാജവെമ്പാലകളാണ് പിടികൂടിയവയിൽ ഉണ്ടായിരുന്നത്. വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ഷൈൻ മുത്തേടത്താണ് പാമ്പുകളെ പിടികൂടിയത്. ഒന്നിന് പിറകെ ഒന്നായി ഒരേസ്ഥലത്ത് ഇത്രയും പാമ്പുകളെ പിടികൂടുന്നത് ആദ്യ സംഭവമാണെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സുനിൽ പറഞ്ഞു. ആദ്യം പിടിയിലായത് പെൺ രാജവെമ്പാലയായിരുന്നു. പിന്നീട് പിടിയിലായവ ആൺ രാജവെമ്പാലകളുമാണ്.
ഇവയുടെ ഇണചേരൽ സമയമാണ്, ഇതാകാം ഒന്നിന് പിറകെ ഒന്നായി ഒരേ സ്ഥലത്ത് എത്താൻ കാരണം. ഉരുളൻതണ്ണി കണ്ടാംചേരിയിനിന്നും ഒരു രാജവെമ്പാലയെയും കൂടി പിടികൂടിയിരുന്നു. കാട്ടാന, പന്നി, കുരങ്ങ്, പോത്ത്, മ്ലാവ്, കടുവ, പുലി, മയിൽ തുടങ്ങിയ വന്യജീവികളും ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് ഹൈറേഞ്ചിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി.
ഷൈൻ മുത്തേടത്ത് പിടികൂടിയത് 56 രാജവെമ്പാലകളെ
അടിമാലി: നേര്യമംഗലം റേഞ്ചിന് കീഴിലെ അംഗീകൃത പാമ്പുപിടിത്തക്കാരൻ പൈങ്ങോട്ടൂർ മുത്തേടത്ത് വീട്ടിൽ ഷൈൻ മുത്തേടത്ത് ഇതുവരെ പിടികൂടിയത് 56 രാജവെമ്പാലകളെ. 30 വർഷത്തിലേറെയായി പാമ്പുപിടിത്തം തുടരുന്ന ഷൈൻ മൂർഖൻ ഉൾപ്പെടെ 8000ലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
ഉഗ്രവിഷമുള്ളതും വലുപ്പവും നീളവും കൂടുതലുള്ളതുമായ രാജവെമ്പാലകളെ പിടികൂടുന്നത് മാത്രമാണ് രേഖപ്പെടുത്തിവെക്കുന്നത്. പിടികൂടുന്ന പാമ്പുകളെ ഉൾവനത്തിൽ തുറന്നുവിടും. ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ ഉരുളൻതണ്ണി ഔട്ട്പോസ്റ്റിൽ വാച്ചറാണ് ഷൈൻ മുത്തേടത്ത്. 20 അടിയിലേറെ നീളമുള്ള രാജവെമ്പാലയെ വരെ താൻ പിടികൂടിയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
കുരങ്ങ് ശല്യം; പൊറുതിമുട്ടി അടിമാലി
അടിമാലി: കുരങ്ങുകളുടെ ശല്യത്താൽ പൊറുതിമുട്ടി അടിമാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ. മുമ്പ് വല്ലപ്പോഴും മാത്രം എത്തിയിരുന്ന വാനരസംഘം ഇപ്പോൾ ദിവസവും ഗ്രാമങ്ങൾ കൈയടക്കുകയാണ്. വേനൽ കടുത്തതോടെയാണ് വാനരന്മാർ കൂട്ടത്തോടെ അതിർത്തിപ്രദേശത്തെ ജനവാസമേഖലയായ കൂമ്പൻപാറ, അടിമാലി, തലമാലി, മച്ചിപ്ലാവ്, ചാറ്റുപാറ, അമ്പലപ്പടി, പത്താംമൈൽ, മുടിപ്പാറ, വാളറ ഭാഗങ്ങളിലേക്ക് എത്തുന്നത്.
രാവിലെ വരുന്ന വാനരന്മാർ രാത്രിയോടെയാണ് മടങ്ങുന്നത്. ഇതിനിടെ വാഴ, തെങ്ങ്, കൊക്കോ അടക്കമുള്ള കൃഷി നശിപ്പിക്കും. വീടുകളിൽ കടന്ന് ആഹാരസാധനങ്ങളും വസ്ത്രങ്ങളും കൈക്കലാക്കും. വാട്ടർ ടാങ്കുകളിലും അലങ്കാരമത്സ്യങ്ങൾ വളർത്തുന്ന കുളങ്ങളിലും ഇറങ്ങി കുളിക്കും. വീടുകളുടെ ചുമരുകളിലും പരിസരത്തും മലമൂത്ര വിസർജനം നടത്തി വൃത്തികേടാക്കും. ഇതിൽനിന്ന് രോഗങ്ങൾ പടരുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
കുട്ടികളെയും വയോധികരെയും ആക്രമിക്കാനും ചില വാനരന്മാർ ശ്രമിക്കാറുണ്ട്. ആക്രമണകാരിയായ കുരങ്ങുകളെ കണ്ട് ഓടുമ്പോൾ വീണ് കുട്ടികൾക്കും വയോധികർക്കും പരിക്കേൽക്കുന്ന സംഭവവുമുണ്ട്. കുരങ്ങ് ശല്യം കാരണം പല കർഷകരും കൃഷിയിൽനിന്നും പിൻവാങ്ങി. നാട്ടിലിറങ്ങുന്ന കുരങ്ങുകളെ പിടികൂടാൻ വനംവകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്ത് ശ്രമിക്കണമെന്ന ആവശ്യം ഉയർന്നിട്ടും നടപടിയില്ല.
പെരുങ്കാലയിൽ കാട്ടാനക്കൂട്ടം
ചെറുതോണി: ജില്ല ആസ്ഥാന മേഖലക്ക് സമീപം പെരുങ്കാലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ആറിന് ശേഷമാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിലെ ശൗര്യംകുഴിയിൽ വിനോദിന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയിലാഴ്ത്തി. വിനോദിന്റെ കൃഷിയിടത്തിലും സമീപത്തെ നിരവധി പറമ്പുകളിലും വ്യാപകമായി കൃഷി നശിപ്പിച്ചു.
നാട്ടുകാർ ആനയെ തുരത്താൽ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. തുടർന്ന് നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും ഏറെനേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ആനകൾ കാട്ടിലേക്ക് കയറിയത്. ഞായറാഴ്ച പുലർച്ചയോടെയാണ് ഇവയെ കാടുകയറ്റിയത്. രണ്ട് ദിവസം തുടർച്ചയായി ആനകൾ എത്തിയതായാണ് പ്രദേശവാസികൾ പറയുന്നത്. ഇതുവരെയും കാട്ടാന ഇറങ്ങാതെ പ്രദേശത്ത് ആനയിറങ്ങിയതും വനാതിർത്തിയിൽ തമ്പടിക്കുന്നതും നാട്ടുകാരെ ആശങ്കയിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.