മൂന്നാറിൽ വന്യമൃഗ ആക്രമണം; രണ്ട് പശുക്കൾ ചത്തു
text_fieldsഅടിമാലി: മൂന്നാർ മേഖലയിൽ കടുവയുടെയും പുലിയുടെയും ആക്രമണങ്ങൾ തുടരുന്നു. രണ്ട് കറവപ്പശുക്കൾ ചത്തു. വാഗുവെരെ നോവൽ ഡിവിഷനിൽ നിശ്ചൽപാറക്ക് സമീപമാണ് കടുവ പശുവിനെ ആക്രമിച്ച് കൊന്നുതിന്നത്. സൈലന്റ് വാലി റോഡ് കുറ്റിയാർവാലിയിൽ പുലി പശുവിനെ ആക്രമിക്കുകയായിരുന്നു. പുലിയിൽനിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ വലിയ തിട്ടയിൽനിന്ന് റോഡിലേക്ക് വീണാണ് പശു ചത്തത്.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമാണ് പശുക്കൾ ആക്രമണത്തിന് ഇരയായത്. തോട്ടം തൊഴിലാളികൾ വളർത്തിയിരുന്ന പശുക്കളാണ് ഇവ. ഈ വർഷം വിവിധയിടങ്ങളിലായി 25 ലേറെ കറവപ്പശുക്കളാണ് മൂന്നാർ മേഖലയിൽ കടുവയുടെയും പുലികളുടെയും ആക്രമണത്തിൽ ചത്തത്. മാട്ടുപ്പെട്ടി മേഖലയിൽ പത്തോളം പശുക്കൾ പേ വിഷബാധയേറ്റും ചത്തിരുന്നു. ഇതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി. പലരും പശുക്കളെ വിൽക്കാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 ന് മുകളിൽ പശുക്കളെ കടുവയും പുലിയും കൊന്നിട്ടുണ്ട്. എന്നാൽ, കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പശുക്കളെ ഇൻഷുർ ചെയ്തിട്ടില്ലെന്ന ന്യായമാണ് അധികൃതർ പറയുന്നത്. കടുവയും പുലിയും വിലസുന്നതോടെ ജനങ്ങളും ഭീതിയിലാണ്. രാത്രിയിൽ പുറത്തിറങ്ങാൻ പോലും ഭയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.