നാശം വിതച്ച് കാട്ടാനയും കടുവയും പിന്നെ കാട്ടുപോത്തും; അധികൃതർ മൗനത്തിൽ
text_fieldsഅടിമാലി: കാട്ടാനയും കടുവയും കാട്ടുപോത്തുമൊക്കെ ജനവാസ മേഖലയിൽ നാശം വിതക്കാൻ തുടങ്ങിയതിൽ പിന്നെ മൂന്നാറുകാർ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. നടപടിയെടുക്കേണ്ട അധികൃതർ മൗനം തുടരുകയാണ്. കാട്ടുപോത്താണ് ഇപ്പോഴത്തെ വില്ലൻ. ടൗണില്‍ കാട്ടുപോത്ത് ഇറങ്ങുന്നത് ആദ്യമാണ്. പകല്‍ തിരക്കേറിയ മൂന്നാര്‍ ടൗണില്‍ ഇറങ്ങിയ കാട്ടുപോത്ത് ടൗണിനെ വിറപ്പിച്ചാണ് വിലസിയത്. ഒടുവില്‍ വനപാലകരെത്തി തുരുത്തിയെങ്കിലും ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതോടെ ജനം ഭീതിയിലുമാണ്. ടൗണില്‍ കാട്ടുപോത്ത് ഇറങ്ങിയ വാര്‍ത്ത അറിഞ്ഞവരെല്ലാം ഭയചകിതരായി. കാട്ടുപോത്തിനെ കാണാനെത്തിയവരടക്കം ഭയന്ന് ഓടുന്ന കാഴ്ച മൂന്നാറിനെ ഇളക്കി മറിച്ചു. കാട്ടാനകള്‍ രണ്ട് വര്‍ഷത്തിനിടെ ടൗണില്‍ പലകുറി എത്തിയിട്ടുണ്ട്. എന്നാല്‍, കാട്ടുപോത്ത് ടൗണില്‍ വരാറില്ല. തേയിലത്തോട്ടത്താല്‍ ചുറ്റപ്പെട്ട മൂന്നാറില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ വനവുമുണ്ട്. ഇവിടങ്ങളില്‍ എല്ലായിടത്തും വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്.
വനങ്ങളില്‍ ചിലയിടങ്ങളില്‍ ചീട്ടുകളി സംഘത്തിന്റെയും നാടന്‍ വാറ്റുസംഘത്തിന്റെയും വിഹാര കേന്ദ്രമാണ്. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം വർധിച്ചതോടെ വന്യമൃഗങ്ങള്‍ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറി. ഇതാണ് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കൂടുതല്‍ ഇറങ്ങാന്‍ കാരണം. എന്നാല്‍, പുലിയും കടുവയും കാലികളെ വ്യാപകമായി കൊന്നൊടുക്കുന്നു. ഒരു വര്‍ഷത്തിനിടെ 50ന് മുകളില്‍ പശുക്കളെയാണ് കൊന്ന് ഭക്ഷിച്ചത്. ഒരു പതിറ്റാണ്ട് മുമ്പുവരെ ആന, പുലി, പന്നി തുടങ്ങിയവയുടെ ശല്യമായിരുന്നു കൂടുതലെങ്കിലും പിന്നീട് കടുവയുടെ വിളനിലമായി പ്രദേശം മാറി. മൂന്ന് ഭാഗവും ഘോരവനമായ മൂന്നാര്‍ നീര്‍ചാലുകളും പാറക്കെട്ടുകളും ഇടതൂര്‍ന്ന കാടുകളും ഉള്ളതിനാല്‍ മാനുകളും കാട്ടുപന്നികളും വരയാടുകളുടെയും വാസസ്ഥലമായി മാറി. കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്തില്‍നിന്ന് ശാശ്വതമായ പരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭം നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥയിടങ്ങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും നിരവധി പരാതികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖേനയും സംഘടനകള്‍ മുഖേനയും നല്‍കിയെങ്കിലും ഒരു നടപടിയും കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.ഈ വര്‍ഷം കാട്ടാന ആക്രമണത്തില്‍ മൂന്ന് പേര് മൂന്നാറില്‍ മാത്രം മരിച്ചിട്ടുണ്ട്.
മൂന്ന് മാസത്തിനിടെ 17 വാഹനങ്ങള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. വന്യമൃഗ ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരത്തുക നല്‍കിയെങ്കിലും കൃഷി, ഇതര നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നില്ല.കഴിഞ്ഞ ദിവസം രണ്ട് എക്കര്‍ സ്ഥത്തെ ക്യാരറ്റ് കൃഷിയും 10 എക്കര്‍ സ്ഥലത്തെ ബട്ടര്‍ ബീന്‍സ് കൃഷിയും കുരങ്ങും കാട്ടാനയും മാത്രം നശിപ്പിച്ചു. ഇതോടെ പല കര്‍ഷകര്‍ക്കും വരുമാനമാര്‍ഗം നിലച്ചു. എന്നുമിങ്ങനെ ദുരിതത്തിൽ കഴിയാനാണോ വിധിയെന്നാണ് നാട്ടുകാരുടെ ചോദ്യം.
മറയൂർ-മൂന്നാർ റോഡിൽ പടയപ്പ; സഞ്ചാരികളെ ആക്രമിക്കാൻ ശ്രമം
മറയൂർ: മറയൂർ-മൂന്നാർ റോഡിൽ തലയാർ കടുകുമുടി ജങ്ഷനിൽ ‘പടയപ്പ’യെന്ന കാട്ടാന വിനോദസഞ്ചാരികളെ ആക്രമിക്കാൻ ശ്രമിച്ചു. കാറിൽനിന്ന് ഇറങ്ങിയോടി വെയ്റ്റിങ് ഷെഡിൽ കയറിയാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
മറയൂരിൽനിന്ന് മൂന്നാർ ഭാഗത്തേക്ക് പോയ നാല് വിനോദസഞ്ചാരികളെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. വെയ്റ്റിങ് ഷെഡിന് മുന്നിൽ എത്തിയ ആന ഷെഡ് പൊളിക്കാനും ശ്രമം നടത്തി. തിങ്കളാഴ്ച രാത്രി 7.40നാണ് സംഭവം. പടയപ്പ തുടർന്ന് റോഡിൽ തന്നെ നിലയുറപ്പിച്ചു. അരമണിക്കൂറിന് ശേഷമാണ് തോട്ടം കയറിപ്പോയത്.
ഈ സമയം എത്തിയ വാഹനങ്ങൾ പിന്നോട്ടെടുത്തും മറ്റും റോഡിൽ കാത്തുകിടന്നു. ഇന്നലെ പകലും തലയാർ മേഖലയിൽ തേയില തോട്ടങ്ങളിൽ ആന നിൽക്കുന്നത് തൊഴിലാളികൾ കണ്ടതായി പറയുന്നു. ഒരാഴ്ചയായി മൂടൽമഞ്ഞു അനുഭവപ്പെടുന്നതിനാൽ 10 മീറ്റർ അകലെയുള്ള കാഴ്ചകൾ കാണാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെ. അതിനിടെയാണ് പടയപ്പ റോഡിലൂടെ നടക്കുന്നത്. എളുപ്പം ശ്രദ്ധയിൽ പെടില്ലെന്നതിനാൽ യാത്രക്കാരും തോട്ടം തൊഴിലാളികളും ഭീതിയോടെയാണ് ഇതുവഴി പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.