വീണ്ടും ഭീതിയിൽ മലയോരം; കൃഷിയിടവും ജനവാസകേന്ദ്രവും കീഴടക്കി വന്യമൃഗങ്ങൾ
text_fieldsഅടിമാലി: അൽപമൊന്ന് ശമിച്ചെന്നു കരുതിയ വന്യമൃഗങ്ങളുടെ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. തുടർച്ചയായ രണ്ടാം ദിവസും മൂന്നാർ മേഖലയിൽ ചക്കക്കൊമ്പൻ വീട് തകർത്തു.
ശനിയാഴ്ച ആനയിറങ്കലിൽ റേഷൻ കടയും അതിനോട് ചേർന്ന വീടുമാണ് തകർത്തതെങ്കിൽ ചിന്നക്കനാലിൽ ഞായറാഴ്ച വീട് തകർത്തു. അരിക്കൊമ്പൻ പോയ ശേഷം ശാന്തമായെന്നു കരുതിയ മേഖലയിൽ ഇപ്പോൾ ചക്കക്കൊമ്പന്റെ വിളയാട്ടമാണ്. അടുത്തിടെവരെ ശാന്തനായിരുന്ന പടയപ്പയും ആക്രമണം കടുപ്പിച്ചിരിക്കുന്നു. അതിനു പുറമെ ഒറ്റക്കൊമ്പന്റെ ഉപദ്രവവും കടുത്തു. ഇതോടെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ ജനജീവിതം കൂടുതൽ ദുസ്സഹമായി.
മറയൂർ, കാന്തലൂർ പഞ്ചായത്തുകളിൽ ഒരാഴ്ചക്കിടെ നാലുപേരെയാണ് കാട്ടാന ആക്രമിച്ച് പരിക്കേൽപിച്ചത്. മൂന്നാറിൽ ഒറ്റക്കൊമ്പൻ എന്ന കാട്ടാന രണ്ട് തൊഴിലാളികളെ ആക്രമിച്ച് പരിക്കേൽപിച്ചു. ഒരാഴ്ചക്കിടെ മൂന്നാർ മേഖലയിൽ രണ്ട് പശുകളെ കടുവ പിടിച്ചു. ഇതോടെ കർഷകരും തൊഴിലാളികളും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഒരോ നിമിഷവും തള്ളിനീക്കുന്നത്. വിളകൾ നശിപ്പിച്ചും ജീവനു ഭീഷണിയുയർത്തിയും വന്യമൃഗങ്ങൾ വിഹരിക്കുകയാണ്.
കപ്പ, വാഴ, ചേമ്പ്, പച്ചക്കറികൾ തുടങ്ങിയവ ഒന്നും തന്നെ വിളവെടുക്കാൻ പോലും കിട്ടുന്നില്ല. ഇതുകാരണം, കൃഷിയിൽനിന്ന് പലരും പിന്തിരിയുകയാണ്. കർഷക തൊഴിലാളികൾക്ക് പണി ഇല്ലാതാകുന്ന അവസ്ഥയിലേക്ക് പ്രതിസന്ധി രൂക്ഷമാകുന്നു.
വനം വകുപ്പ് ജീവനക്കാരുടെ രാത്രി പട്രോളിങ്ങിനെയും കബളിപ്പിച്ചാണ് ആനകൾ കാടിറങ്ങുന്നത്. ശനിയാഴ്ച രാത്രി മറയൂരിൽ റേഞ്ച് ഓഫിസറും സംഘവും റാപിഡ് റെസ്പോൺസ് ടീമും ചേർന്നു നിരീക്ഷണം നടത്തുന്നതിനിടെ രാത്രി ഏഴരയോടെ ആനയിറങ്ങി. രാത്രി എട്ടു മണിയോടെയും കാട്ടാനകളെ അകറ്റാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഒടുവിൽ വനം വകുപ്പ് സംഘം പിൻവാങ്ങി. വനം വകുപ്പിന്റെ രാത്രി നിരീക്ഷണം ഉണ്ടായിരിക്കെ തന്നെ ബുധനാഴ്ച രാത്രി കാടിറങ്ങി മൂന്ന് ആനകൾ മൂന്നാറിൽ വിവിധ ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ കടന്ന് വിളകളും തെങ്ങുകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം നീണ്ടപാറയിലും കാഞ്ഞിരവേലിയിലും കാട്ടാന കൂട്ടമായിറങ്ങി വലിയ നാശം വിതച്ചു. വിജയൻ, രതീഷ്, പ്രഭാകരൻ എന്നിവരുടെ കൃഷി നശിപ്പിക്കുകയും വലിയ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.
വനം വകുപ്പ് അകറ്റിയോടിച്ചിട്ടും തിരികെ കാടിറങ്ങുന്ന ആനകൾ മലയോര കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനു പുറമെയാണ് കാട്ടുപന്നിയും കടുവയും കാട്ടുപോത്തുമെല്ലാം ജീവന് ഭീഷണിയാകുന്നത്. ഇരുമ്പുപാലം, പത്താം മൈൽ മേഖലയിൽ കാട്ടുപന്നിക്ക് പുറമെ കുരങ്ങന്മാരുടെ ശല്യവും രൂക്ഷമായിരിക്കുന്നു.
അടിമാലി, മച്ചിപ്ലാവ്, കൂമ്പൻപാറ എന്നിവിടങ്ങളിലും കുരങ്ങും പന്നിയും വലിയ നാശം വിതക്കുന്നു. ഈ മേഖലയിൽ പലരും കൃഷി ഉപേക്ഷിച്ചു തുടങ്ങി. കപ്പ, ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങ് വർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. ആനകൾ പ്രധാനമായി തെങ്ങ്, കവുങ്ങ്, വാഴ, കരിമ്പ് തുടങ്ങിയ കൃഷികളാണ് നശിപ്പിക്കുന്നത്. മറ്റൊരു മാർഗവുമില്ലാതെ കുടിയേറിയ കർഷകർ ചോരനീരാക്കി ഉണ്ടാക്കുന്ന കാർഷിക ഉൽപന്നങ്ങൾ വന്യമൃഗങ്ങൾ അപ്പാടെ നശിപ്പിക്കുമ്പോൾ ജീവിതമാർഗം തന്നെ വഴിമുട്ടുന്ന അവസ്ഥയിലാണ് നാട്ടുകാർ. ഈ വർഷം അഞ്ചുപേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. 30ലേറെ പേർക്ക് പരിക്കുമേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.