കാട്ടാന ശല്യം; രാത്രി പുറത്തിറങ്ങാനാകാതെ കവിതക്കാട് നിവാസികൾ
text_fieldsഅടിമാലി: മാങ്കുളം പഞ്ചായത്തിലെ കവിതക്കാട് കാട്ടാന ശല്യം രൂക്ഷമായി. ഒരു മാസത്തിലേറെയായി കാട്ടാനക്കൂട്ടങ്ങൾ സ്ഥിരമായി എത്തുന്ന ഇവിടെ രാത്രിയിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വീടിന് സമീപവും കൃഷിയിടങ്ങളിലും ചുറ്റിക്കറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. ഏലം, റബർ, വാഴ, തെങ്ങ്, കമുങ്ങ് തുടങ്ങിയ കൃഷികളാണ് എത്തുന്ന കാട്ടാനകൾ നശിപ്പിക്കുന്നത്. രാവിലെ റബർ ടാപ്പിങ്ങിനുപോലും ഇറങ്ങാൻ പറ്റാത്തത് കർഷകരെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി.
30 കുടുംബങ്ങളാണ് ഇവിടെയുള്ളത്. വിവരം വനം വകുപ്പിനെ അറിയിച്ചാലും തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ വൈദ്യുതിവേലി ഉണ്ടെങ്കിലും പ്രവർത്തിക്കാത്തതിനാലാണ് കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ എത്തുന്നത്. അടിമാലി പഞ്ചായത്തിലെ കുളമാംകുഴി, പാട്ടയടമ്പ് മേഖലകളിലും കാട്ടാന ശല്യം തുടരുന്നു. ഇവിടെയുള്ള ആദിവാസികൾ കഴിഞ്ഞ ദിവസം വാളറയിൽ ദേശീയപാത ഉപരോധിച്ചിരുന്നു.
കാന്തല്ലൂരിൽ ഞായറാഴ്ച കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വ്യാപകനാശം വിതച്ചിരുന്നു. കാട്ടാനകളുടെ മുന്നിൽ അകപ്പെട്ട വിനോദസഞ്ചാരികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിച്ച് വ്യാപക നാശം വിതച്ചിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തത് വൻ പ്രതിഷേധത്തിന് കാരണമായി. തിങ്കളാഴ്ച രാവിലെ നേര്യമംഗലം റേഞ്ച് ഓഫിസിന് മുന്നിലും കാട്ടാനകൾ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.