പടയപ്പയും ചക്കക്കൊമ്പനും പുറത്തിറങ്ങാൻ ഭയന്ന് തൊഴിലാളികൾ
text_fieldsഅടിമാലി: മൂന്നാർ തോട്ടം മേഖലയിൽ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി തോട്ടം തൊഴിലാളികളും നാട്ടുകാരും. ഒരു മാസത്തിലേറെയായി തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനെ തുടർന്ന് വൈകീട്ട് ആറിനും രാവിലെ ഏഴിനും ഇടയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പകൽ കാട്ടാന പ്രദേശത്ത് എത്തുന്നുണ്ട്. മൂന്നാർ ഗ്രഹാംസ് റോഡിൽ കുറ്റിയാർ വാലിയിൽ റോഡിലിറങ്ങിയ പടയപ്പ എന്ന കാട്ടാന ഏറെനേരം റോഡിൽ നിലയുറപ്പിച്ചു. മൂന്നാറിൽനിന്ന് ആർ.ആർ.ടി സംഘം എത്തിയാണ് പടയപ്പയെ റോഡിൽനിന്ന് അകറ്റിയത്.
ചൊവ്വാഴ്ച പുലർച്ച മറ്റൊരു ആനക്കൂട്ടം കൊരണ്ടിക്കാട് എസ്റ്റേറ്റിൽ വേൽമുടി ബംഗ്ലാവിന് സമീപമെത്തി ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. വനത്തിൽനിന്ന് കൂട്ടമായി ഇറങ്ങുന്ന ആനകൾ ഒരു സമയം തന്നെ പലയിടങ്ങളിൽ എത്തുന്നത് ഭീതിയുണർത്തുന്നു.
കൂടാതെ വനത്തിൽ നിന്നിറങ്ങുമ്പോഴും തിരിച്ചുപോകുമ്പോഴും ഗ്രാമീണ മേഖലയിലെ പ്രധാന റോഡുകളിൽ കൂടിയാണ് സഞ്ചാരമെന്നതിനാൽ പുലർച്ച യാത്ര ചെയ്യുന്ന തൊഴിലാളികൾക്കും വാഹനങ്ങളിൽ പോകുന്നവരും കാട്ടാനക്ക് മുന്നിൽപെടുന്നത് പതിവാകുന്നു. പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്. കാഞ്ഞിരവേല, മാങ്കുളം, മാമലക്കണ്ടം മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ വാഴയും ചക്കയും നശിപ്പിക്കുന്നതല്ലാതെ പലപ്പോഴും പൂർണമായും ഭക്ഷിക്കാറില്ല. ചിലയിടങ്ങളിൽ കൃഷിയിടത്തിൽനിന്ന് പറിക്കുന്ന ചക്ക റോഡിൽവെച്ച് ചവിട്ടിപ്പൊട്ടിച്ച് ഭക്ഷിക്കാതെ മടങ്ങുന്ന സ്ഥിതിയുമുണ്ട്.
ചെറിയ റബർ മരങ്ങൾ വട്ടം ഒടിച്ചു നശിപ്പിക്കുന്ന കാട്ടാനകളും അടുത്തിടെ എത്തിയ സംഘത്തിലുണ്ട്. ആനക്കുളം, തൊണ്ണൂറ് മേഖലയിലും ചിന്നക്കനാലിലും അതിരൂക്ഷമായ കാട്ടാന ശല്യമാണ്. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ വലിയ നാശമാണ് വിതക്കുന്നത്.
ആർ.ആർ.ടി ടീം ചിന്നക്കനാൽ, മൂന്നാർ, ദേവികുളം മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം കാര്യക്ഷമമല്ല. ഡ്രോൺ സംവിധാനം ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല. പിന്നെ എങ്ങനെയാണ് ഭയമില്ലാതെ ജീവിക്കാൻ കഴിയുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.