കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം; നിര്‍ജീവമായി വനംവകുപ്പ്
text_fieldsഅടിമാലി: കൃഷി നശിപ്പിച്ച് കാട്ടാനകള്‍ വിഹരിക്കുേമ്പാൾ ജില്ലയിൽ വനംവകുപ്പ് അധികൃതർ നിര്‍ജീവം. ജില്ല ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷകര്‍. കര്‍ഷക ദിനാചരണങ്ങൾ പതിവുപോലെ കടന്നുപോകുേമ്പാൾ ഹൈറേഞ്ചിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായി അവശേഷിക്കുകയാണ് കാട്ടാന ശല്യം.
ആനകള്‍ കൃഷി നശിപ്പിക്കുന്നത് വനംവകുപ്പ് കണ്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി പ്ലാമലയിലെ കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച കാട്ടാനകള്‍ സംഹാരതാണ്ഡവമാടിയ പ്ലാമലയില്‍ 10 ഏക്കറോളം എലമാണ് കാട്ടാനകള്‍ നശിപ്പിച്ചത്. മഴയുടെ പേരുപറഞ്ഞ് ആനകളെ തുരത്താതെ വനംവകുപ്പ് ഒഴിഞ്ഞുമാറുമ്പോള്‍ ഓരോ ദിവസവും ഇവ ഉണ്ടാക്കുന്ന നഷ്ടവും വര്‍ധിക്കുകയാണ്.
മുെമ്പാക്കെ ആനകള്‍ കൂട്ടമായി ഒരേ സ്ഥലത്ത് ഇറങ്ങുകയായിരുന്നു. പക്ഷേ, ഇപ്പോള്‍ ഒറ്റക്കും കൂട്ടമായും ഒരേസമയം ഒന്നിലേറെ സ്ഥലങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ പുതിയ വഴികളിലൂടെയും പ്രദേശങ്ങളിലൂടെയുമാണ് സഞ്ചരിച്ചു നാശംവിതക്കുന്നത്. ഇരുമ്പുപാലം പടിക്കപ്പ്, കുറത്തികുടി, പെട്ടിമുടി ആദിവാസി കോളനികൾ, മാങ്കുളം, ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ, മറയൂര്‍, മാട്ടുപ്പെട്ടി, ദേവികുളം, കാഞ്ഞിരവേലി, പഴംബ്ലിച്ചാല്‍, ഇളംബ്ലാശ്ശേരി എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം വിതച്ചിരുന്നത്. ഇപ്പോൾ പ്ലാമലയിലും ശല്യം രൂക്ഷമാണ്. വാഴ, കമുങ്ങ്, തെങ്ങ് തുടങ്ങി വലിയ നഷ്ടമാണ് വരുത്തിയത്. കര്‍ഷക ദിനത്തില്‍ വന്യമൃഗ ശല്യത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് കര്‍ഷകര്‍ മുന്നോട്ടുവന്നിട്ടുണ്ട്.
ഒരുമാസം മുമ്പ് ശാന്തന്‍പാറയില്‍ തൊഴിലാളി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കഴിഞ്ഞദിവസം മാമലക്കണ്ടത്ത് വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ചു. ഗുരുതര പരിക്കേറ്റ ഇവര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. ചിന്നക്കനാലില്‍ കാട്ടാന െചരിഞ്ഞ സംഭവത്തില്‍ വിപുലമായ അന്വേഷണം നടത്തുന്ന വനംവകുപ്പ് കാട്ടാനകള്‍ മനുഷ്യെൻറ ജീവനും സ്വത്തിനും ഭീഷണിയായി വളര്‍ന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.
കാട്ടാനയെ നേരിടാന്‍ ജീവനക്കാരുടെ കുറവാണ് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. എന്നാല്‍, വന്യജീവികളെ തുരത്താന്‍ രൂപവത്കരിച്ച ആര്.ആര്.ടി (റാപ്പിഡ് റെസ്പോണ്‍സ് ടീം) മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ല. ആനകളെ തുരത്താൻ മഴ മാറുന്നതുവരെ കാത്തിരുന്നാല്‍ ഈ പ്രദേശത്ത് കൃഷി ബാക്കിയാകുമോ എന്ന ചോദ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.