മൂന്നാറിൽ കാട്ടാന ആക്രമണം; രണ്ട്തൊഴിലാളികൾക്ക് പരിക്ക്
text_fieldsഅടിമാലി: മൂന്നാർ കല്ലാറിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മൂന്നാർ പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
മൂന്നാർ കോളനി സ്വദേശി അഴകമ്മ (50), നെറ്റിക്കുടി സ്വദേശി ശേഖർ (48) എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് അഴകമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഴകമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശേഖറിന് പരിക്കേറ്റത്. അഴകമ്മയുടെ പരിക്ക് സാരമുള്ളതാണ്. പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ വെച്ചാണ് സംഭവം.
ഇവിടെ തള്ളുന്ന പച്ചക്കറി മാലിന്യം ഭക്ഷിക്കാൻ കാട്ടാനകൾ പതിവായി എത്തുന്നുണ്ട്. ഇന്നലെ ആക്രമണം നടത്തിയത് ഒറ്റക്കൊമ്പനാണ്. പടയപ്പയും ഇവിടെ എത്താറുണ്ട്. ജനവാസമേഖലയിൽ കാട്ടാനയുടെ സാന്നിധ്യമുണ്ടായിട്ടും വനം വകുപ്പ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മൂന്നാറിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. മറയൂരിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം. ആനയെ തുരത്താനുള്ള ദൗത്യത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും നടപടികൾ തുടങ്ങുമെന്നും മറയൂർ ഡി.എഫ്.ഒ അറിയിച്ചു. മൂന്നാറിലെ ജനവാസകേന്ദ്രത്തിൽ കടുവയും പുലിയും ഭീതി പടർത്തുന്നുണ്ട്. കഴിഞ്ഞദിവസം കടുവ പശുവിനെ കൊന്നുതിന്നിരുന്നു. ഒരു വർഷത്തിനിടെ 50ലേറെ പശുക്കളെയാണ് കടുവയും പുലിയും കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.