ലക്ഷ്യം കാണാതെ പ്രതിരോധങ്ങൾ കാട്ടാന ശല്യം തുടരുന്നു
text_fieldsഅടിമാലി: കാട്ടുമൃഗങ്ങളിൽനിന്ന് കൃഷി സംരക്ഷിക്കാൻ കിടങ്ങും സൗരോർജ വേലിയും ഒരുക്കിയിട്ടും കാട്ടാനക്കൂട്ടങ്ങൾ സംഹാരതാണ്ഡവം തുടരുന്നു. നേര്യമംഗലം, കുട്ടമ്പുഴ, ആനക്കുളം, മാങ്കുളം, അടിമാലി, ചിന്നക്കനാൽ, ദേവികുളം റേഞ്ചുകളിൽ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലാണ് കാട്ടാനകൾ വലിയ നാശം വിതക്കുന്നത്.
കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടാനകൾ മാറിയിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം പൂപ്പാറയിൽ കാട്ടാന കർഷകനെ കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. നേര്യമംഗലം റേഞ്ച് ഓഫിസിനോട് ചേർന്ന് ദേശീയ പാതയോരത്ത് ദിവസവും കാട്ടാനകളെത്തി തമ്പടിക്കുന്നുണ്ട്.
പലയിടങ്ങളിലും വീടിന് സമീപംവരെ എത്തി കാട്ടാനകൾ കാർഷിക ഉൽപന്നങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്. വേലിയും കിടങ്ങും ഉരുക്കുവടം പദ്ധതിയുമൊക്കെ നടപ്പാക്കിയിട്ടുണ്ടെങ്കിലും കാട്ടാനകളെ കൃഷിയിടത്തിൽ നിന്ന് അകറ്റാൻ ഇതൊന്നും ഫലപ്രദമാകുന്നില്ല.
വനംവകുപ്പ് 50 ലക്ഷത്തോളം രൂപ മുടക്കിയാണ് ആനക്കുളത്ത് ഉരുക്കുവടം പദ്ധതി നടപ്പാക്കിയത്. 2018, 2019 വർഷങ്ങളിലെ മഹാപ്രളയത്തിൽ മരംവീണും മണ്ണിടിഞ്ഞും ഭൂരിഭാഗം വേലികളും നശിച്ചു.
ഇതോടെ മേഖലയിൽ കാട്ടാനശല്യം വ്യാപകമായി. മാങ്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ദിവസവും കാട്ടാന എത്തുന്നുണ്ട്. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി, കുളംമാംകുഴി, വാളറ, കമ്പിലൈൻ, പ്ലാമല, കുടകല്ല്, മ ച്ചിപ്ലാവ് കുടി, ചിന്നപ്പാറ എന്നിവിടങ്ങളിലും കാട്ടാനകൾ വലിയ നാശമാണ് വിതക്കുന്നത്. പാൽ വിൽപന നടത്താനോ കുട്ടികളെ സ്കൂളിലയക്കാനോ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.ചിന്നക്കനാൽ, ബിയൽ റാം, പത്തടികുളം, 301 കോളനി, മാട്ടുപ്പെട്ടി, സൂര്യനെല്ലി, പൂപ്പാറ, ശാന്തൻപാറ എന്നിവിടങ്ങളിലും കാട്ടാനകൾ വലിയ ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.