ആനപ്പേടിയിൽ മാങ്കുളത്തുകാരുടെ രാപ്പകലുകൾ
text_fieldsഅടിമാലി: വേനൽ കടുത്തതോടെ കാട്ടാന കൂട്ടത്തിന്റെ ചിന്നം വിളിയിൽ വിറങ്ങലിച്ചിരിക്കുകയാണ് മാങ്കുളം പഞ്ചായത്തിലെ ആനക്കുളം വല്യപാറ കുട്ടി മേഖല. സന്ധ്യമയങ്ങിയാൽ വനത്തിൽ നിന്നും കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ നേരം പുലരുവോളം ഇവിടെ തമ്പടിക്കും. കൃഷികൾ തിന്നും നശിപ്പിച്ചും ഇവയുടെ പരാക്രമം പലപ്പോഴും വീടുകൾക്ക് നേരെയും ഉണ്ടാകുന്നു. കൈക്കുഞ്ഞുങ്ങളെയും മുതിർന്നവരെയും ചുമലിലേറ്റി രക്ഷപ്പെടേണ്ട ഗതികേടിലാണ് പലരും. കഴിഞ്ഞ കുറച്ചു നാളുകളായി ഈ നാടിന്റെ ഉറക്കംതന്നെ നഷ്ടമായിരിക്കുന്നു. എവിടെക്ക് ഓടിയാലാണ് കാട്ടാനകളുടെ മുന്നിൽ നിന്നും രക്ഷയെന്നറിയാത്ത അങ്കലാപ്പിലാണ് ഇവർ. രണ്ട് ദിവസമായി നാല് കാട്ടാനകൾ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. വാഴ, മരച്ചീനി, തെങ്ങ്, കവുങ്ങ് എന്നുവേണ്ട കണ്ണിൽ കണ്ടതെല്ലാം തിന്നുകയും നശിപ്പിക്കുകയും ചെയ്തു.
രാത്രിയിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതായിരിക്കുന്നു. പനി മൂർഛിച്ച കുട്ടിയെ ആനകളെ പേടിച്ച് ആശുപത്രിയിലെത്തിച്ചത് എട്ട് മണിക്കൂർ കഴിഞ്ഞാണ്. കാട്ടാന വരാതിരിക്കാൻ ഉരുക്കുവടം, വൈദ്യുതി വേലി എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊക്കെ നശിച്ചുകഴിഞ്ഞു. വാർഷിക അറ്റകുറ്റപ്പണി വനം വകുപ്പ് നടത്താത്തതാണ് പ്രശ്നത്തിന് കാരണം. കൃഷിയും വീടും നശിച്ചവർ വനപാലകരെ സമീപിച്ചാലും നഷ്ടപരിഹാരം കിട്ടുന്നുമില്ല. കാട്ടാന എത്തിയ വിവരം വനം വകുപ്പിനെ അറിയിച്ചാൽ അവർ തിരിഞ്ഞുനോക്കാറുമില്ല. കാട്ടാന ശല്യം രൂക്ഷമായതോടെ റബർ ടാപ്പിങ് പോലുള്ള ജോലിക്ക് പേകാൻ കഴിയാത്തവിധം ഭീതിയിലാണ് നാട്ടുകാർ. ഇതോടെ നിത്യ ചിലവിന് പോലും വക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് മേഖലയിലെ 50 ഓളം കുടുംബങ്ങൾ.
ആനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരിക്ക്
അടിമാലി: ചിന്നക്കനാൽ ബി.എൽ റാമിൽ കാട്ടാന ഓടിച്ച വീട്ടമ്മയ്ക്ക് വീണു പരിക്കേറ്റു. പാൽത്തായിക്കാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മൂന്നാഴ്ചയായി ചക്കക്കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഒറ്റയാൻ പരിസരപ്രദേശങ്ങളിൽ ചുറ്റി നടക്കുകയാണ്. രാത്രിയിൽ ബി.എൽ റാം - സൂര്യനെല്ലി - ബോഡിമെട്ട് റോഡിലൂടെ ഇറങ്ങി നടക്കുന്ന ഒറ്റയാൻ രാവിലെയാണ് കാടുകയറുന്നത്. പാൽത്തായി സമീപവാസിയായ വീട്ടമ്മയോടൊപ്പം പാൽ വാങ്ങാൻ ടൗണിലേക്ക് വരുമ്പോഴാണ് ചക്കക്കൊമ്പൻ റോഡിൽ ഇറങ്ങി ഇവരുടെ അടുത്തേക്ക് വന്നത്. ഓടി രക്ഷപ്പെടുന്നതിനിടെ പാൽത്തായി ഓടയിൽ വീണു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഒച്ച വച്ചതോടെയാണ് ഒറ്റയാൻ പിന്തിരിഞ്ഞത്. വീഴ്ചയിൽ നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.