കാട്ടാന സാന്നിധ്യം; വനം വകുപ്പ് പട്രോളിങ് വേണമെന്ന് ആവശ്യം
text_fieldsഅടിമാലി: വനമേഖലയിലെ റോഡുകളിൽ രാത്രി കാലങ്ങളിൽ കാട്ടാന സാന്നിധ്യമേറുന്ന സാഹചര്യത്തിൽ വനംവകുപ്പ് പട്രോളിങ് നടത്തണമെന്ന് ആവശ്യം.
വേനൽ കടുത്തതോടെ മൂന്നാർ, ദേവികുളം, നേര്യമംഗലം, ആനകുളം, മാങ്കുളം, മറയൂർ, കാന്തലൂർ റേഞ്ചുകളുടെ വിവിധ ഭാഗങ്ങളിൽ കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയുമൊക്കെ ശല്യം വർധിച്ച സാഹചര്യത്തിൽ പട്രോളിങ് കർശനമാക്കി വന്യജീവികളുടെ സാന്നിധ്യം ഉണ്ടെങ്കിൽ നാട്ടുകാരെ അറിയിക്കാൻ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
തോട്ടം-കാർഷിക മേഖലയിൽ മിക്കപ്പോഴും കാട്ടാനയുടെ സാന്നിധ്യമുണ്ട്. ഈ ഭാഗത്ത് ഒട്ടേറെ സ്ഥലങ്ങളിൽ ആനത്താരകളുമുണ്ട്. രാത്രി കാലങ്ങളിലും പുലർച്ചയും റോഡ് പരിസരത്ത് കാട്ടാനയെ കാണാറുണ്ടെന്ന് ഇതുവഴി സ്ഥിരമായുള്ള വാഹന യാത്രക്കാർ പറയുന്നു. ഒരു മാസത്തിനിടെ അഞ്ചു വാഹനങ്ങൾക്ക് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്.
പലപ്പോഴും പകൽ സമയങ്ങളിലും കാട്ടാന റോഡ് കുറുകെ കടന്നു പോകുന്നത് കാണാം. വനത്തിനുള്ളിലെ അരുവികളും തോടുകളും വറ്റിയതോടെ പുഴകളിലേക്ക് കൂട്ടമായി കാട്ടാനകൾ എത്താം. രാത്രികാലങ്ങളിൽ വാഹനയാത്രക്കാർ കാട്ടാനയുടെ മുമ്പിൽപെടാതെ കഷ്ടിച്ച് രക്ഷപ്പെടുകയാണ്. റോഡ് പരിചയമില്ലാത്തവർ ഇതുവഴി എത്തുമ്പോൾ അപകടത്തിൽ പെടാൻ സാധ്യതയേറെയാണ്.
വന്യമൃഗങ്ങളെ വനത്തിലേക്ക് തുരുത്തുന്നതിൽ പ്രത്യേഗ പരിശീലനം ലഭിച്ച റാപ്പിഡ് റസ്പോൻണ്ട്സ് ടീം തികച്ചും പരാജയമായി മാറി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ വിവരം കൈമാറുന്നതിനും വനംവകുപ്പ് പരാജയമായതിനാൽ പൊലീസിനെ കൂടുതൽ ഉപയോഗപ്പെടുത്തുകയും കുറഞ്ഞ പക്ഷം റോഡിലെങ്കിലും വന്യമൃഗങ്ങൾ ഉണ്ടെങ്കിൽ വാഹന നിയന്ത്രണത്തിന് പൊലീസ് തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.