കാട്ടാനകൾ ഗ്രാമത്തിൽ; വീട്ടിൽനിന്ന് ഇറങ്ങാതെ കർഷകർ
text_fieldsഅടിമാലി: അടിമാലി പഞ്ചായത്തിലെ 20ാം വാർഡിൽപെട്ട കാഞ്ഞിരവേലിയിൽ കാട്ടാനകളെ ഭയന്ന് നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി. ക്ഷീരകർഷകർ പാൽ വിൽപന നടത്താൻ പോലും പുറത്തേക്ക് ഇറങ്ങുന്നില്ല.
പലചരക്ക് സാധനങ്ങൾ വാങ്ങാനും കുട്ടികളെ സ്കൂളിലേക്ക് അയക്കാനും ഗ്രാമവാസികൾ ഒത്തുചേരേണ്ട സ്ഥിതിയാണ്. കൃഷി ചെയ്താൽ അവ കാട്ടാനകൾ നശിപ്പിക്കും. എറണാകുളം ജില്ലയുമായി അതിർത്തി പങ്കിടുന്നതും പെരിയാറിന്റെ ഓരത്ത് താമസിക്കുന്നവരുമായ ഇവിടത്തുകാർ ഇപ്പോൾ ഭീതിയിലാണ് കഴിയുന്നത്. ആനകൾ കൂട്ടമായി വന്ന് കാർഷികവിളകൾ ഒന്നൊഴിയാതെ തകർത്തെറിയുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ട സ്ഥിതിയാണ്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച് പലത്തിന് സമീപത്തെ നേര്യമംഗലം റേഞ്ച് ഓഫിസിന് നേരെ എതിർദിശയിലെ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. നിരവധി തവണ വനപാലകരുടെ ഓഫിസിന് മുന്നിലെത്തി സമരം ചെയ്തു. വിഷയം കലക്ടറുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപെടുത്തി. സഹികെട്ട നാട്ടുകാർ അടിമാലിയിലെത്തി പഞ്ചായത്ത് അധികൃതരെ കണ്ട് തങ്ങളുടെ നിസ്സഹായവസ്ഥയും അറിയിച്ചു.
തുടർന്ന് പ്രസിഡന്റ് സനിത സജിയും വാർഡ് അംഗം ദീപ രാജീവും കാഞ്ഞിരവേലിയിലെത്തി. സ്ഥിതിഗതികൾ കണ്ട് മനസ്സിലാക്കി. പഞ്ചായത്ത് അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും പ്രശ്നം പരിഹരിക്കാൻ പ്രത്യേക യോഗം ഈമാസം 26ന് ചേരാനും തീരുമാനിച്ചു. യോഗത്തിൽ വനപാലകരെയും ക്ഷണിക്കുമെന്നും പ്രശ്നത്തിൽ വനപാലകർ പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ സമരം തുടങ്ങുമെന്നും പ്രസിഡന്റ് സനിത സജി പറഞ്ഞു. വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന വാർഡുകളിലെ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല അംഗങ്ങളും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫിസിലാണ് യോഗം ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.