കാട്ടാന ശല്യം; ദേശീയപാത ഉപരോധിച്ച് ആദിവാസികൾ
text_fieldsഅടിമാലി: രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കണണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ദേശീയപാത ഉപരോധിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ കെ.ടി.ഡി.സി ജങ്ഷനിലാണ് ദേശീയപാത ഉപരോധിച്ചത്.
വാളറ, കുളമാംകുഴികുടി, പാട്ടടമ്പുകുടി, കമ്പിലൈൻ പ്രദേശങ്ങളിലെ കാട്ടാന ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കുളമാംകുഴിയിൽനിന്ന് തുടങ്ങിയ മാർച്ച് കെ.ടി.ഡി.സി ജങ്ഷനിലെത്തിയ ശേഷമാണ് ദേശീയപാത ഉപരോധിച്ചത്. നാട്ടുകാരും സമരത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കുളമാംകുഴികുടിയിൽ താമസക്കാരായ നാല് ആദിവാസി യുവാക്കളെ കാട്ടാന ഓടിക്കുകയും ഒരാൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു. കുളമാംകുഴി, പാട്ടെടമ്പ്, കമ്പിലൈൻ പ്രദേശങ്ങളിൽ ജനകീയ പ്രതിഷേധ പ്രകടനം നടത്തി.
സമരത്തിന് എസ്. ശിവദാസ്, ദീപ രാജീവ്, കെ.എസ്. തമ്പി, ജനപ്രതിനിധികളായ സോളി ജീസസ്, എം.എ. അൻസാരി, കൃഷ്ണമൂർത്തി, വി.ടി. സന്തോഷ്, രേഖ രാധാകൃഷ്ണൻ, ഷിജി ഷിബു, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൽദോസ് വാളറ തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശങ്ങളിൽ ആഴ്ചകളായി രൂക്ഷമായ കാട്ടാന ശല്യമാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷി കാട്ടാനകൾ നശിപ്പിച്ചു. ഇതുസംബന്ധിച്ച് നിരവധി പരാതിയും നിവേദനവും നൽകിയിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ സമരത്തിന് ഇറങ്ങുകയായിരുന്നു. ഇനിയും കാട്ടാന ഭീഷണിയുണ്ടായാൽ കടുത്ത സമരത്തിന് നേതൃത്വം നൽകുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
ഒഴിയാതെ കാട്ടാനകൾ
അടിമാലി: ചിന്നക്കനാൽ പഞ്ചായത്തിലെ 301കോളനിയിൽനിന്ന് ഒഴിഞ്ഞുപോകാതെ കാട്ടാനക്കൂട്ടം. 10 ദിവസമായി ആറ് കാട്ടാന ഇവിടെ തമ്പടിച്ചിരിക്കുകയാണ്. ഇതോടെ കുട്ടികളെ അംഗൻവാടിയിൽ വിടാനോ സ്കൂളിൽ അയക്കാനോ പറ്റാതെ ആദിവാസികൾ ദുരിതത്തിലാണ്. കാട്ടാന ശല്യം കാരണം കോളനിയിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി എൺപതേക്കറിലേക്ക് മാറ്റി. എന്നാൽ, എങ്ങനെ കുട്ടികളെ അവിടെ എത്തിക്കുമെന്നാണ് ആദിവാസികളുടെ ചോദ്യം. ഇതിന് പുറമെ വൈദ്യുതി തടസ്സവും.
കഴിഞ്ഞ ദിവസം രാവിലെയും 301 കോളനിയിലേക്കുള്ള വഴിയിൽ അംഗൻവാടി കെട്ടിടത്തിന് സമീപം എട്ട് ആനകളുടെ കൂട്ടം എത്തി. സ്പെഷൽ ആർ.ആർ.ടി അംഗങ്ങൾ വിവരങ്ങൾ കൈമാറിയതിനാൽ നാട്ടുകാർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടില്ല. 301 നഗറിൽ അംഗൻവാടി പ്രവർത്തിച്ച കെട്ടിടത്തിന് സമീപമാണ് കാട്ടാനക്കൂട്ടം എത്തിയത്. 301 നഗറിൽനിന്ന് ആനയിറങ്കൽ ജലാശയത്തിലൂടെ വള്ളത്തിൽ സഞ്ചരിച്ച് വേണം കുട്ടികൾക്ക് 80 ഏക്കറിലെ അംഗൻവാടിയിലെത്താൻ. നിലവിൽ കോളനിയിൽനിന്നുള്ള മൂന്ന് കുട്ടികളാണ് അംഗൻവാടിയിൽ പഠിക്കുന്നത്. കാട്ടാന ശല്യവും പോയിവരാനുള്ള ബുദ്ധിമുട്ടും കാരണം ഈ കുട്ടികൾ എൺപതേക്കറിലെ അംഗൻവാടിയിൽ എത്തുന്നത് വല്ലപ്പോഴും മാത്രം. ചിന്നക്കനാൽ തങ്കക്കുഴി ഭാഗത്ത് ചക്കക്കൊമ്പനും ആറ് കാട്ടാനകളുടെ കൂട്ടവും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.