കൃഷിയിടങ്ങളിൽനിന്ന് മാറാതെ കാട്ടാനകൾ; ഭീതിയുടെ മുൾമുനയിൽ കർഷകർ
text_fieldsഅടിമാലി: നേര്യമംഗലം ഇഞ്ചത്തൊട്ടിയിലും മൂന്നാറിലും മറയൂരിലും കാട്ടാന ഇറങ്ങി വ്യാപക നാശം വിതച്ചു. മൂന്നാർ ചെണ്ടുവര, കുണ്ടള എന്നിവിടങ്ങളിൽ ചുറ്റിത്തിരിയുന്ന ‘പടയപ്പ’ എന്ന കാട്ടാന വ്യാഴാഴ്ച സൈലന്റ് വാലി ജനവാസമേഖലയിൽ ഇറങ്ങി വലിയ നാശമാണ് വരുത്തിയത്. ഭാസ്കരന്റെ 2500 കാബേജ് തിന്നാണ് മടങ്ങിയത്. കടം വാങ്ങിയാണ് കാബേജ് കൃഷി ഇറക്കിയത്. ഇത് നശിച്ചതോടെ വലിയ പ്രതിസന്ധിയിലായി. കൂടാതെ ക്യാരറ്റ് കൃഷിയും നശിപ്പിച്ചു. മണിക്കൂറുകൾ ഇവിടെ നിന്നിട്ടാണ് പിൻമാറിയത്. ഇഞ്ചത്തൊട്ടിയിൽ പകലും കാട്ടാനയിറങ്ങി. ആനകള്‍ വനത്തിലെന്നപോലെ നാട്ടിലും വിഹരിക്കുന്നകാഴ്ചയാണ് ഇവിടെ. മറ്റ് പലയിടങ്ങളിലും രാത്രിമാത്രമാണ് ആനയെ ഭയപ്പെടേണ്ടതെങ്കില്‍ ഇഞ്ചത്തൊട്ടിയിൽ പകലും സ്ഥിതി സമാനമാണ്. വൈകുന്നേരം മുതല്‍ ആനകള്‍ ഒറ്റക്കോ കൂട്ടമായോ വനത്തിന് പുറത്തിറങ്ങും. പിന്നെ റബര്‍തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയുടെ സാന്നിധ്യം. തൊട്ടടുത്ത കാഞ്ഞിരവേലിയിലും കാട്ടാനകൾ വലിയ ശല്യമാണ്. ഇവിടെ രാത്രി വീടിന് പുറത്തിറങ്ങാന്‍പോലും ആനയെ ഭയക്കണം. പകല്‍ റോഡിലൂടെയുള്ള യാത്രയും അത്ര സുരക്ഷിതമല്ല. നാട്ടിലിറങ്ങുന്ന ആനകളെ തുരത്താന്‍ വനപാലകര്‍ എത്താറുണ്ട്. നാട്ടുകാരും കൂടെ പങ്കു ചേരും. ഓരോ ദിവസവും ഇത് ആവര്‍ത്തിക്കുകയാണ്.കാട്ടാനകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തമായ വൈദ്യുതി വേലി വനാതിര്‍ത്തിയില്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
വണ്ടിപ്പെരിയാറിൽ കാട്ടാന ഏലച്ചെടികൾ നശിപ്പിച്ചു
കുമളി: വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഏലച്ചെടികൾ നശിപ്പിച്ചു. കൃഷിയിടത്തിലെ തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് സമീപം നിലയുറപ്പിച്ച ആന, നേരം പുലർന്നശേഷമാണ് കാടുകയറിയത്. വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പോളിടെക്നിക് കോളജിന് സമീപം പാട്ടത്തിന് തോട്ടമെടുത്ത കൊച്ചുപുരയ്ക്കൽ ഈപ്പച്ചന്റെ കൃഷിയിടത്തിലാണ് ബുധനാഴ്ച രാത്രി സുരക്ഷാ വേലികൾ തകർത്ത് കാട്ടാന ഇറങ്ങിയത്. 250ലധികം ഏലച്ചെടികൾ ആന നശിപ്പിച്ചു. പെരിയാർ വനമേഖലയിൽ നിന്നാണ് ജനവാസ മേഖലയിൽ കാട്ടാന എത്തിയത്. സ്ഥലത്തെത്തിയ വനപാലകർ പ്രത്യേകിച്ചൊന്നും ചെയ്യാനാകാതെ മടങ്ങിപ്പോയതായി നാട്ടുകാർ പറയുന്നു.
കാട്ടാന ആക്രമണം; രണ്ടാഴ്ചക്കിടെ കാന്തല്ലൂരിൽ 60 ലക്ഷം നഷ്ടം
മറയൂർ: ശീതകാല പച്ചക്കറി ഉൽപാദന കേന്ദ്രമായ കാന്തല്ലൂർ മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തി. പുത്തൂർ ഗ്രാമത്തിൽ മാത്രം രണ്ടാഴ്ചക്കിടെ 110 ഓളം കർഷകരുടെ വെളുത്തുള്ളി പാടമാണ് നിലം പരിശാക്കിയത്. ഓരോ കർഷകനും ഒരുലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ മുടക്കിയാണ് കൃഷിയിറക്കിയിരുന്നത്. ഇത്തരത്തിൽ ഈ ഗ്രാമത്തിൽ മാത്രം 60 ലക്ഷം രൂപയിലധികം നാശനഷ്ടം വരുത്തിയതായാണ് കണക്ക്.
ഓണച്ചന്ത പ്രതീക്ഷിച്ചാണ് വ്യാപകമായി കൃഷിയിറക്കിയത്. ഇതിനായുള്ള വെളുത്തുള്ളി വിത്ത് തമിഴ്നാട്ടിലെ വടുകുപെട്ടി, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നുമാണ് എത്തിച്ചത്. ഒരു കിലോ വെളുത്തുള്ളി വിത്തിന് 250 രൂപ മുതൽ 320 വരെയായിരുന്നു വില. ഇത് കാന്തല്ലൂരിൽ എത്തിക്കാനും കൃഷിയിറക്കാനുമുള്ള ചെലവ് വേറെയും. വെളുത്തുള്ളിക്ക് മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ കൂടുതലായും കടവും മറ്റും വാങ്ങി കൃഷിയിറക്കിയിരുന്നത്. രണ്ടാഴ്ചയായി പ്രദേശത്ത് തമ്പടിച്ച കാട്ടാനക്കൂട്ടം പാതിവളർച്ചയെത്തിയ വിളകൾ പൂർണമായും നശിപ്പിച്ചു. പുത്തൂർ ഗ്രാമത്തിലെ എം.വേലുമണി, എം.ബാലു, ബി. മണികണ്ഠൻ, എം.ചന്ദ്രബോസ്, സോമു മണികണ്ഠൻ, ബാലചന്ദ്രൻ, ടി. ഭഗവതി എന്നിവരുടെ പാടമാണ് പൂർണമായും നശിപ്പിച്ചത്. മറ്റു നൂറോളം കർഷകരുടെ വിളകൾ ഭാഗികമായും നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.