ചിന്നക്കനാലിൽ കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ; വ്യാപകമായി കൃഷി നശിപ്പിച്ചു
text_fieldsഅടിമാലി: ശാന്തൻപാറ പഞ്ചായത്തിലെ ചുണ്ടൽ, ചിന്നക്കനാൽ പഞ്ചായത്തിലെ ബിഎൽ റാം എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം 200 ഏക്കറിലധികം സ്ഥലത്തെ ഏലം കൃഷി നശിപ്പിച്ചു. 20ഓളം കർഷകരുടെ കൃഷി നശിച്ചിട്ടുണ്ടെന്നാണ് വിവരം.
ഒരാഴ്ചയായി ഈ മേഖലയിൽ തമ്പടിച്ച എട്ടും അഞ്ചും അംഗങ്ങളുള്ള 2 കാട്ടാനക്കൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. അരയേക്കർ മുതൽ 10 ഏക്കർ വരെ ഏലം കൃഷി ചെയ്യുന്ന ഇടത്തരം കർഷകരുടെ ഭൂമിയിലും വൻകിട എസ്റ്റേറ്റുകളിലും കാട്ടാനക്കൂട്ടം നാശനഷ്ടമുണ്ടാക്കി. വിളവെടുക്കാറായ ഏലച്ചെടികൾ ചവിട്ടിയൊടിച്ചും ഏലത്തിന്റെ ഇളം നാമ്പുകൾ തിന്നുമാണ് കാട്ടാനകൾ കർഷകർക്ക് നഷ്ടം വരുത്തിയത്. രണ്ട് കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
കർഷകർ അറിയിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് ആർ.ആർ.ടി സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ, കാട്ടാനക്കൂട്ടത്തെ പൂർണമായും തുരത്താൻ കഴിഞ്ഞില്ല.
നഷ്ടം കോടികൾ, കണ്ണീരുമായി കർഷകർ
ഏലക്ക വില 2800 എത്തിയതോടെ ഈ സീസണിലെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷയായിരുന്നു ചുണ്ടൽ മേഖലയിലെ കർഷകർക്ക്. വരൾച്ചയെ തുടർന്ന് മേഖലയിൽ വ്യാപകമായി ഏലം കൃഷി നശിച്ചിരുന്നു. അതിനു ശേഷം മഴക്കാലത്ത് കാറ്റു വീശിയും കൃഷി നശിച്ചു. ഇതൊക്കെ അതിജീവിച്ച് ഏലം കൃഷിയുമായി മുന്നോട്ടു പോയ കർഷകർക്കാണ് ഇപ്പോൾ വീണ്ടും കനത്ത നഷ്ടമുണ്ടായത്. കാട്ടാനകൾ മൂലം കൃഷി നശിച്ച ഭൂരിഭാഗം കർഷകരും കടക്കെണിയിലാണ്. മുമ്പും കാട്ടാന ശല്യമുണ്ടെങ്കിലും ഇത്രയും വ്യാപകമായി കൃഷിനാശമുണ്ടാകുന്നത് ആദ്യമാണെന്ന് കർഷകനും ശാന്തൻപാറ പഞ്ചായത്ത് അംഗവുമായ പി.ടി.മുരുകൻ പറയുന്നു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായെങ്കിലും നഷ്ടപരിഹാരം തുച്ഛമായതിനാൽ കർഷകർക്ക് മുന്നോട്ടുപോകാനാവില്ലെന്ന് ഒരേക്കറിലധികം കൃഷി നശിച്ച പി.എസ്.വില്യംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.