മുള്ളരിങ്ങാട്ട് കാട്ടാനകളെ തുരത്തൽ നിർത്തി; പ്രായോഗികമല്ലെന്ന് വിലയിരുത്തൽ
text_fieldsഅടിമാലി: മുള്ളരിങ്ങാട് ജനവാസ മേഖലയിൽനിന്ന് കാട്ടാനകളെ പെരിയാർ കടത്തി നേര്യമംഗലം വനത്തിന്റെ ഉൾഭാഗത്തേക്ക് തുരത്താനുള്ള നീക്കം ജനവാസ മേഖലയിൽ വേണ്ടത്ര മുൻകരുതലെടുക്കാതെയെന്ന് ആക്ഷേപം.
നേര്യമംഗലം വനമേഖലയോടു ചേർന്ന കാഞ്ഞിരവേലി, കുളമാൻകുഴി, പാട്ടയിടുമ്പ്, കമ്പിലൈൻ, വാളറ, ഇഞ്ചത്തൊട്ടി, പഴമ്പിള്ളിച്ചാൽ, ഒഴുവത്തടം മേഖലകളിലേക്ക് കാട്ടാന എത്തുന്നതു തടയാൻ ഒരു മുൻകരുതലും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല.
എട്ടുമാസം മുമ്പ് കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടോക്കണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര മരിച്ചിരുന്നു. വീട്ടമ്മയുടെ ദാരുണമായ മരണത്തിനു പിന്നാലെ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതിഷേധം ശമിപ്പിക്കാൻ അന്നുതന്നെ ഇന്ദിരയുടെ വീട് സന്ദർശിച്ച മന്ത്രിമാരുടെ സംഘം വന്യമൃഗ ശല്യം തടയാൻ മേഖലയിൽ അടിയന്തരമായി ഫെൻസിങ് സംവിധാനത്തിന് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ഇതുവരെ യാഥാർഥ്യമായില്ല. ഇതോടെ മേഖലയിൽ ഇപ്പോഴും കാട്ടാന ശല്യം തുടരുകയാണ്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കോതമംഗലം, മൂവാറ്റുപുഴ ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താൻ നടപടികൾ ആരംഭിച്ചത്. അവിടെ നിന്നുള്ള ആനകളെ പെരിയാർ കടത്തി വിട്ടാൽ ആദ്യം എത്തുന്നത് കാഞ്ഞിരവേലി ജനവാസ മേഖലയിലാണ്. തുടർന്ന് കുളമാൻകുഴി, പാട്ടയിടുമ്പ്, കമ്പിലൈൻ, പഴമ്പിള്ളിച്ചാൽ തുടങ്ങിയ മേഖലയിലേക്കും എത്തും.
ഇപ്പോൾ തന്നെ കാട്ടാന ശല്യത്താൽ പൊറുതി മുട്ടിയ ജനങ്ങളുടെ ദുരിതം കൂടുതൽ ആനകൾ എത്തുന്നതോടെ വർധിക്കുമെന്നാണ് ആശങ്ക.
അതേസമയം, മുള്ളരിങ്ങാട് നിന്ന് ആനകളെ എത്തിക്കുന്നതിന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ, അടിമാലി പഞ്ചായത്തിന്റെയും റവന്യൂ അധികൃതരുടെയും സഹകരണം തേടിയതിന് പിന്നാലെ പ്രതിഷേധം ഉയർന്നെങ്കിലും അധികൃതർ പിൻവാങ്ങിയിട്ടില്ല. മുള്ളരിങ്ങാട് മേഖലയിൽ നിന്ന് ആനകളെ തുരത്തി നേര്യമംഗലം വനമേഖലയിലേക്ക് എത്തിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെച്ചത് മാത്രമാണ് ആശ്വാസം.
കാലാവസ്ഥ അനുകൂലമല്ലെന്ന കാരണമാണ് അധികൃതർ പറയുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകളും താൽക്കാലിക പിൻമാറ്റത്തിന് കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.