കാട്ടാനകൾ കൃഷി നശിപ്പിക്കുന്നു; നടപടിയെടുക്കാതെ വനം വകുപ്പ്
text_fieldsഅടിമാലി: കാട്ടാനകൾ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും നടപടിയെടുക്കാതെ വനം വകുപ്പ് മാറി നിൽക്കുന്നതായി പരാതി. അടിമാലി പഞ്ചായത്തിലെ വാളറ, കുളമാംകുഴി, പാട്ടയടമ്പ്, കാഞ്ഞിരവേലി, കമ്പിലൈൻ നിവാസികളാണ് വനംവകുപ്പ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കർഷകരോ നാട്ടുകാരോ വനം വകുപ്പ് ഉദ്യോഗസ്ഥരോട് സഹായം ആവശ്യപ്പെട്ട് വിളിച്ചാൽ ഫോൺ പോലും എടുക്കില്ല. കഴിഞ്ഞ ദിവസം വാളറ തൊട്ടിയാർ ഡാമിന് സമീപം ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറിലേറെ ഭൂമിയിലെ വാഴകൃഷി കാട്ടാനകൾ നശിപ്പിച്ചിരുന്നു.
ആനയിറങ്ങിയത് അറിയിക്കാൻ നേര്യമംഗലം റേഞ്ച് ഓഫിസർ, വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥരെ അടക്കം വിളിച്ചിട്ടും ഫോൺ പോലും എടുക്കാൻ കൂട്ടാക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതേ അവസ്ഥയാണ് കുളമാംകുഴി, പാട്ടയടമ്പ് കുടി എന്നിവിടങ്ങളിലെ ആദിവാസികൾ അടക്കമുള്ളവർക്കും പറയാനുള്ളത്. ഒരു മാസമായി സ്ഥിരം കാട്ടാനകൾ മേയുന്ന ഇവിടെ 70 ശതമാനം കൃഷിയും നശിപ്പിച്ചു. തെങ്ങ്, കവുങ്, കൊക്കോ, ഏലം മുതലായ കൃഷികളാണ് പ്രധാനമായി നശിപ്പിക്കുന്നത്.
രണ്ട് മാസം മുമ്പ് കാട്ടാന ആദിവാസി യുവാവിനെ ആക്രമിച്ചിരുന്നു. ക്ഷുഭിതരായ നാട്ടുകാർ വാളറയിൽ ദേശീയപാത ഉപരോധിച്ചു. തുടർന്ന് മൂന്നാറിൽ നിന്ന് വനം വകുപ്പ് ആർ.ആർ. ടീമിനെ എത്തിച്ച് കാട്ടാനകളെ തുരത്തിയെങ്കിലും ദിവസങ്ങൾക്കകം തിരിച്ചെത്തി. എന്നാൽ, പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയിട്ടില്ല. ഫോൺ വിളിച്ചാലും എടുക്കില്ല. ഇത് കർഷകരോടും ആദിവാസികളോടുമുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാഞ്ഞിരവേലിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നിരുന്നു. ഇതിന് ശേഷം കാട്ടാന ഇവിടെ ഷോക്കേറ്റ് ചരിഞ്ഞിരുന്നു. ഈ സംഭവത്തിൽ ഭൂ ഉടമയെ കുരിശിലേറ്റാൻ പരക്കംപാഞ്ഞ വനപാലകർ കാട്ടാനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നത്തിൽ മന്ത്രിയും ജില്ല ഭരണകൂടവും ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.