‘പടയപ്പ’ കട്ടക്കലിപ്പിൽ: വീണ്ടും വാഹനങ്ങൾ തകർത്തു
text_fieldsഅടിമാലി: മൂന്നാർ തോട്ടം മേഖലയിൽ ജനവാസകേന്ദ്രത്തിൽ വിരഹിക്കുന്ന കാട്ടുകൊമ്പൻ പടയപ്പ കട്ടക്കലിപ്പിൽ. വെള്ളിയാഴ്ച പുലർച്ച രണ്ട് ഓട്ടോ ആന തകർത്തു. 15 ദിവസത്തിനിടെ ബൈക്കും ലോറിയും അടക്കം ആറു വാഹനങ്ങൾക്ക് നേരെയാണ് പടയപ്പ ആക്രമണം അഴിച്ചുവിട്ടത്. പെരിയവരൈ ലോവർ ഡിവിഷനിൽ പ്രദീപ്, ഗ്രഹാംസ് ലാൻഡ് സ്വദേശി ബാലു എന്നിവരുടെ ഓട്ടോകളാണ് തകർത്തത്. ഇതിനിടെ പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തിൽ ഒരാളെ വനം വകുപ്പ് പിടികൂടിയെങ്കിലും ജനവാസ മേഖലയിലൂടെ കറങ്ങുന്ന പടയപ്പയെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാതയോരത്ത് നിർത്തിയിട്ട മിനിലോറിയുടെ ചില്ലുകളും വീടിനു സമീപം നിർത്തിയിട്ട ഓട്ടോയും പടയപ്പ അടിച്ചുതകർത്തു. ഒരു തോട്ടത്തിലെ ബട്ടർ ബീൻസ് കൃഷിയും നശിപ്പിച്ചു. ചെല്ലദുരൈ, ജയപാൽ എന്നിവരുടെ കൃഷിയിടത്തിലെ വിളവെടുപ്പിന് തയാറായിരുന്ന ബീൻസ് പടയപ്പ തിന്നുനശിപ്പിച്ചു. ഇരുവർക്കുമായി 60,000 രൂപയുടെ നഷ്ടമുണ്ടായി. മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസമായി അക്രമാസക്തനാണ്. രണ്ടു ദിവസം മുമ്പ് കന്നിമല ടോപ് ഡിവിഷനിൽ പട്ടാപ്പകലിറങ്ങി തൊഴിലാളികളുടെ ഉച്ചഭക്ഷണപ്പാത്രങ്ങളടക്കം തകർത്തിരുന്നു.
മദപ്പാട് ലക്ഷണമുള്ളതിനാൽ ഇനിയും ആക്രമണസാധ്യത ഉണ്ടെന്ന് ജനങ്ങൾ ഭയക്കുന്നു. മൂന്നാറിൽ പടയപ്പയാണെങ്കിൻ ശാന്തൻപാറയിൽ അരിക്കൊമ്പനും ഭീതി സൃഷ്ടിക്കുകയാണ്. അടിയന്തരമായി ഇവയെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.