കാട്ടുതീ: പ്രതിരോധവുമായി വനംവകുപ്പ്
text_fieldsഅടിമാലി: നേര്യമംഗലം, അടിമാലി, മച്ചിപ്ലാവ് വനമേഖലയിൽ കാട്ടുതീ തടയാൻ വിപുലമായ നടപടികളുമായി വനംവകുപ്പ്. നൂറുകിലോമീറ്ററോളം ഫയർ ലൈൻ നിർമാണം ഇതിനകം പൂർത്തിയാക്കുകയും ഹെക്ടർ കണക്കിന് സ്ഥലത്തെ ഉണങ്ങിയ പുല്ലുകൾ കൺട്രോൾ ബേണിങ്ങിലൂടെ കത്തിച്ച് വനമേഖല അഗ്നിമുക്തമാക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ കാട്ടുതീയാണെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇലകൊഴിയും കാടുകളാണ് നേര്യമംഗലം വനമേഖലയുടെ പ്രത്യേകത. വേനൽ ശക്തി പ്രാപിക്കുന്നതോടെ ഇരുൾ, കരിമരുത് തേക്ക്, വെൺതേക്ക് തുടങ്ങി വൃക്ഷങ്ങൾ ഇലകൾ കൊഴിച്ച് പ്രകൃതിക്കിണങ്ങും വിധം പ്രതിരോധിക്കാൻ തയാറെടുക്കും. ഇങ്ങനെ ധാരാളമായി കൊഴിഞ്ഞു വീഴുന്ന ഇലകളും ചുള്ളികളും ഉണങ്ങി വരണ്ട് കനത്ത കാട്ടുതീക്കുള്ള ഇന്ധനമായി മാറും. കൂടാതെ, പാറക്കെട്ടുകളോടുകൂടിയ ഈ വനമേഖലയിൽ പാറപ്പുറത്ത് പറ്റിവളരുന്ന പുല്ലുകളടക്കം ധാരാളം വിവിധ സസ്യങ്ങളുമുണ്ട്. ഇവയും വേനലിൽ ഉണങ്ങി കാട്ടുതീക്ക് കാരണമാകും. ഇവിടെ പ്രതിരോധം വനം വകുപ്പിന് കടുത്ത വെല്ലുവിളിയാണ്.
പ്രത്യേക പരിശീലനം നൽകി ആദിവാസി യുവാക്കളെ ഫയർ വാച്ചർമാരായും നിയോഗിച്ചിട്ടുണ്ട്. കാട്ടുതീ മുക്തമായി ഈ വർഷം വനത്തെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.വി. രതീഷ് അറിയിച്ചു. കാട്ടുതീ ഉണ്ടായാൽ അറിയിക്കേണ്ട ഫോൺ നമ്പർ: 8547601475, 8547601442.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.