വന്യജീവി ശല്യം; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്ര നിയന്ത്രണത്തിനെതിരെ പ്രതിഷേധം
text_fieldsഅടിമാലി: വന്യജീവി ശല്യം രൂക്ഷമായ മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രാത്രിയാത്ര നിയന്ത്രണം ഏർപ്പെടുത്തിയ ജില്ല ഭരണകൂടത്തിന്റെ നടപടി വ്യാപക പ്രതിക്ഷേധത്തിന് ഇടയാക്കി. വിനോദസഞ്ചാരികൾക്കും ടാക്സി വാഹന നടത്തിപ്പുകാർക്കുമാണ് ജില്ല ഭരണകൂടത്തിന്റെ നിർദേശ പ്രകാരം പൊലീസ് വിലക്ക് ഏർപ്പെടുത്തിയത്. മൂന്നാർ, മറയൂർ, ദേവികുളം, ശാന്തൻപാറ, രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ വിലക്ക് നിലവിൽ വന്നു. വരുംദിവസങ്ങളിൽ കൂടുതൽ മേഖലയിലേക്ക് വിലക്ക് കൊണ്ടുവരാനാണ് തീരുമാനമെന്നാണ് ആക്ഷേപം. വന്യജീവികൾ നാട്ടിലിറങ്ങി ജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ ജനവാസ മേഖലയിൽനിന്ന് അകറ്റാൻ ഒരു നടപടിയും സ്വീകരിക്കാതെ ജനങ്ങളെ വിലക്കിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
മാസങ്ങളായി ജനവാസ മേഖലയിൽ നിലയുറപ്പിച്ച പടയപ്പ എന്ന കാട്ടാന ഒരുമാസത്തിനിടെ നാല് വാഹനം തകർത്തു. എന്നാൽ, ഈ കാട്ടാനയെ തുരത്താൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഒരാളെ അടുത്തിടെ കൊന്നു. ഈ കാട്ടാനയും ജനവാസ കേന്ദ്രത്തിൽതന്നെ നിൽക്കുന്നു. ഇവയെ വനത്തിലേക്ക് കയറ്റിവിട്ട് കിടങ്ങുകളും വൈദ്യുതി വേലികളും സ്ഥാപിച്ച് ജനങ്ങളുടെ സംരക്ഷണം ഒരുക്കുന്നതിന് പകരം ജനങ്ങളെ ബന്ധിയാക്കുന്ന നടപടി ദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടുന്നു. മേഖലയിൽ അവശേഷിക്കുന്ന ഏക വരുമാനം ടൂറിസത്തിലൂടെയാണ്. പുതിയ ഉത്തരവോടെ അതും നിലക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ. കൃഷിയും കൂലിപ്പണിയും കൊഴിലുറപ്പും എന്നു വേണ്ട എല്ലാ തൊഴിലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് വന്യജീവികളെന്ന് ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.