വന്യമൃഗ ശല്യം; ജീവനും സ്വത്തിനും ഭീഷണി, പൊറുതിമുട്ടി മലയോരം
text_fieldsഅടിമാലി: വന്യജീവി വിളയാട്ടത്തില്‍ മലയോര മേഖല തകര്‍ന്നടിയുന്നു. ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന വന്യജീവികളെ ഭയന്ന് ജീവിതം വഴിമുട്ടി നൂറുകണക്കിന് കുടുംബങ്ങളാണ് ഹൈറേഞ്ചില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്.
പലരും കൃഷിസ്ഥലം ഉപേക്ഷിച്ച് പാലായനം ചെയ്യുന്നു. വന്യജീവികള്‍ വരുത്തുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കര്‍ഷകരുടെ അജ്ഞതയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും തടസ്സമാകുന്നു. വനമേഖലയോടു ചേർന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ആക്രമണം തുടര്‍ക്കഥയാണ്. ചക്കപ്പഴക്കാലമായതോടെ ഇവക്കായി രാപകല്‍ ഭേദമന്യേ വന്യമൃഗങ്ങള്‍ വനമേഖലയോടു ചേര്‍ന്ന കൃഷിയിടങ്ങളിലെത്തുന്നു.
ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് ഇവയെ നാട്ടിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ആഹാരം, കുടിവെള്ളം എന്നിവയുടെ ലഭ്യതക്കുറവ്, മറ്റ് ജീവികളുടെ ആക്രമണം, പ്രജനനം നടത്താനുള്ള തടസ്സം എന്നിവയാണ് ആവാസ വ്യവസ്ഥയില്‍ വ്യതിയാനത്തിന് വഴിമാറുന്നത്. മഴക്കാലത്ത് ആനകള്‍ക്ക് ഉപ്പ് പോലെയുള്ള ലവണത്തിന്റെ കുറവുണ്ടാകുന്നു. അപ്പോള്‍ ഇവ നാട്ടിന്പുറങ്ങളിലേക്കിറങ്ങി കര്‍ഷകരുടെ കപ്പ, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ തിന്നു നശിപ്പിക്കും. ചക്ക അടക്കമുള്ള പഴങ്ങളുടെ ഗന്ധം ഏഴ് കിലോമീറ്റര്‍ അകലെ വരെ ആനകള്‍ക്ക് ലഭ്യമാകും. ഇതോടെ കാര്‍ഷികമേഖലയില്‍ കാട്ടാനയുടെയും കുരങ്ങിന്റെയും ശല്യം കുറക്കാന്‍ പ്ലാവുകള്‍ വെട്ടി നശിപ്പിക്കുന്നവരുമുണ്ട്.
മാങ്കുളമാണ് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശം. ജലവൈദ്യുതി പദ്ധതിക്കായി വൈദ്യുതി വകുപ്പ് ഭൂമി എറ്റെടുക്കുകയും ജനവാസ മേഖല ഇതോടെ വനമായി മാറുകയും ചെയ്തു. കാടുകയറി കിടക്കുന്ന ഈ സ്ഥലമാണ് കാട്ടുപന്നികളുടെ ഇപ്പോഴത്തെ ആവാസ കേന്ദ്രം. മാങ്കുളത്ത് കാട്ട് പോത്തിന്റെ ശല്യവും രൂക്ഷമാണ്. മാങ്കുളം, ഇടമലകുടി, വട്ടവട, മറയൂര്‍ പഞ്ചായത്തുകളിലാണ് കാട്ടുപോത്തിന്റെ ശല്യം രൂക്ഷം. കൃഷിയിടത്തില്‍ വ്യാപക നാശം വിതക്കുന്ന ഇവ വലിയ ഭീഷണിയാണ്.
മറയൂര്‍, കുണ്ടള, ബിയല്‍റാം, പൂപ്പാറ, ചിന്നക്കനാല്‍, മാട്ടുപ്പെട്ടി മേഖലകളിലാണ് കാട്ടാന ആക്രമണം രൂക്ഷമായത്. കൂടാതെ മാങ്കുളം, അടിമാലി, ഇടമലകുടി, വട്ടവട പഞ്ചായത്തുകളിലാണ് കാട്ടാനയുടെ ശല്യം അതിരൂക്ഷമായി അനുഭവപ്പെടുന്ന മേഖല. വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ കാര്‍ഷിക വിളകള്‍ നശിച്ചാലും, ആളുകള്‍ക്ക് പരുക്കേറ്റാലും ഇരയായവര്‍ക്ക് 1980ലെ നിയമം അനുസരിച്ച് നഷ്ടപരിഹാരം നല്കാന് വനം വകുപ്പ് ബാധ്യസ്ഥരാണ്. 2005 ലെ ഭേദഗതി അനുസരിച്ച് മരണത്തിന് അഞ്ചുലക്ഷം രൂപ വരെ ലഭിക്കും. കന്നുകാലി, കൃഷി, വീട് എന്നിവക്ക് യാഥാര്‍ഥ വിലയുടെ 75 ശതമാനം ലഭിക്കും. അജ്ഞതയും നൂലാമാലകളും മൂലം പല കര്ഷകരുംനഷ്ടപരിഹാരത്തിനായി അപേക്ഷ പോലും നല്‍കാതെ മാറി നില്ക്കുന്നു.
നിയമപരമായി അപേക്ഷകള്‍ നല്കിയാല് വനംവകുപ്പിന്റെ നിസ്സംഗ നിലപാടും മെല്ലെപൊക്കും കര്‍ഷകര്‍ക്ക് അനുകൂല്യം നിഷേധിക്കാന്‍ കാരണമായി തീരുന്നു. കാഞ്ഞാർ വേലി, കമ്പിലൈൻ, കുളമാംകുഴി, മാമലക്കണ്ടം, മാങ്കുളം പഞ്ചായത്തിന്റെ വിവിധ ഇടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കർഷകർ ഭൂമി ഉപേക്ഷിച്ച് പോകുന്നുണ്ട്. വന്യമൃഗ ശല്യം ഉള്ളതിനാൽ വാങ്ങാൻ ആരും വരുന്നില്ല. മക്കൾക്ക് വിവാഹം പോലും മുടങ്ങുന്ന സാഹചര്യമാണ് ഇതാണ് പലരും ഹൃദയം തകർന്ന് കൃഷിയിടങ്ങൾ ഉപേക്ഷിച്ച് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.