വന്യമൃഗ ശല്യം; കെ.സി.വൈ.എം ഇടുക്കി രൂപത 48 മണിക്കൂർ ഉപവാസം അടിമാലിയിൽ
text_fieldsഅടിമാലി: രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെ.സി.വൈ.എം ഇടുക്കി രൂപത 48 മണിക്കൂർ ഉപവാസം നടത്തുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അടിമാലി ടൗണിലാണ് 48 മണിക്കൂർ ഉപവാസ സമരം. ഭരണകുടത്തിന്റെ നിഷ്ക്രിയത്വവും വന്യമൃഗശല്യത്തെ തുടർന്നുണ്ടായ ഭീതിയിൽ തുടരുന്ന ഭീകരാന്തരീക്ഷം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ശനിയാഴ്ച വൈകീട്ട് നാലിന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കെ.സി.വൈ.എം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, ഫാ. ജിൻസ് കാരക്കാട്ട്, കെ.സി.വൈ.എം ഇടുക്കി രൂപത ജനറൽ സെക്രട്ടറി സാം സണ്ണി, അനിമേറ്റർ സിസ്റ്റർ ലിന്റ്, ആൽബി, അമല എന്നിവർ നേതൃത്വം നൽകും.നിയമമാണ് പ്രശ്നമെങ്കിൽ അതിനു പരിഹാരം കണ്ടെത്തേണ്ടത് ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റെയും ചുമതലയാണ്.
കേരളത്തിലെ വനം മന്ത്രിയുടെ മൗനം ലജ്ജാവഹമാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ പക്വതയോടെ കൈകാര്യം ചെയ്ത് ആശങ്ക അകറ്റാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണം. ആളുകൾ പ്രതിഷേധിക്കുക സ്വാഭാവികമാണ്. ഇടുക്കിയിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പൊലിഞ്ഞത് അഞ്ച് ജീവനാണ്.
ഇനിയും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാൻ ഇടയാവരുത്. അതിന് ഭരണകൂടം ഉണർന്നുപ്രവർത്തിക്കണം. അതിനു സാധിക്കാതെ വന്നാൽ ജനങ്ങളുടെ പക്ഷംചേർന്ന് രൂപത സമരമുഖത്ത് സജീവമാകുമെന്ന് ഫാ. ജോസഫ് നടുപ്പടവിൽ, ജെറിൻ ജെ. പാട്ടാംകുളം, അലക്സ് തോമസ്, സാം സണ്ണി, ആൽബി, ബെന്നി സച്ചിൻ, സിബി, അമൽ ജോൺസൺ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.