ആവശ്യക്കാരും വിലയുമില്ല; ഇഞ്ചി വിൽക്കാനാവാതെ യുവ കർഷകൻ
text_fieldsഅടിമാലി: കോവിഡ് കാലത്ത് ഉപജീവനത്തിന് ഇഞ്ചികൃഷി നടത്തിയ കർഷകൻ വിൽക്കാൻ മാർഗമില്ലാതെ വലയുന്നു. മച്ചിപ്ലാവ് തേലക്കാട്ട് സജീവാണ് 10 ടൺ ഇഞ്ചി വിൽക്കാൻ വിപണിയില്ലാതെ കഷ്ടപ്പെടുന്നത്. കോവിഡ് കാലത്ത് തൊഴിൽ ഇല്ലാതായപ്പോൾ സമീപത്തെ ആദിവാസികളെ കൂട്ടി എറണാകുളം സ്വദേശിയുടെ ഭൂമി 40,000 രൂപക്ക് പാട്ടത്തിനെടുക്കുകയായിരുന്നു. മുന്തിയ ഇനം ഇഞ്ചി വിത്ത് കിലോക്ക് 50 രൂപ നിരക്കിലാണ് വാങ്ങിയത്. വളം വാങ്ങാനും തൊഴിലാളികൾക്ക് കൂലി കൊടുക്കാനുമായി ബാങ്കിൽനിന്ന് രണ്ടുലക്ഷം വായ്പയെടുത്തു. ആകെ മൂന്നരലക്ഷം രൂപ ചെലവ് വന്നു.
വിളവെടുക്കുമ്പോൾ വായ്പയും കടംവാങ്ങിയ പണവും തിരികെ കൊടുക്കാമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞദിവസം സജീവൻ വിളവെടുത്തു. 10 ടൺ പച്ച ഇഞ്ചി ലഭിച്ചു. എന്നാൽ, ഇപ്പോൾ ഇഞ്ചിവില കിലോക്ക് 25 രൂപ മാത്രം. കൃഷി ആരംഭിക്കുമ്പോൾ പച്ച ഇഞ്ചിക്ക് 40 രൂപക്ക് മുകളിലായിരുന്നു വില.
മൂന്നരലക്ഷം മുടക്കിയ സജീവന് ഇപ്പോൾ മുഴുവൻ ഇഞ്ചിയും വിറ്റാൽ പരമാവധി ലഭിക്കുക രണ്ടരലക്ഷം രൂപ മാത്രം. നേര്യമംഗലത്ത് പച്ച ഇഞ്ചി വാങ്ങി ചുക്കായി വിൽപന നടത്തുന്നവർ കഴിഞ്ഞവർഷം വരെ ഉണ്ടായിരുന്നു. ക്രമം തെറ്റി പെയ്യുന്ന മഴമൂലം ഇവർ ഇഞ്ചിവ്യാപാരം ഉപേക്ഷിച്ചു. ഉണക്കി വിൽപന നടത്തുവാൻ പണവുമില്ല. ഇതിനിടെ ബാങ്കിൽനിന്ന് എടുത്ത വായ്പക്ക് നോട്ടീസും വന്നു. ഇഞ്ചികൃഷി മൂലം കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഏതെങ്കിലും വ്യാപാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സജീവൻ ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.