മായമില്ല, കലർപ്പില്ല; ശുദ്ധിയിൽ ഇടുക്കി ജില്ല മുന്നിൽ
text_fieldsഇടുക്കി: ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തുവിൽപന നടത്തുന്ന പ്രവണത ജില്ലയിൽ ഏറ്റവും കുറവ്. ഇത്തരം കേസുകളുടെ എണ്ണത്തിൽ ഇടുക്കി സംസ്ഥാനത്ത് ഏറ്റവും പിന്നിലെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് വിവിധ കോടതികളിലായി 988 കേസ് രജിസ്റ്റർ ചെയ്തതിൽ കോഴിക്കോട് ജില്ലയിൽനിന്ന് 230 കേസുണ്ട്. ഇടുക്കിയിൽ ഇക്കാലയളവിൽ 12 കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എറണാകുളത്ത് 115 കേസ് രജിസ്റ്റർ ചെയ്തപ്പോൾ കൊല്ലം -97, കോട്ടയം -87, തൃശൂർ –86, തിരുവനന്തപുരം - 75, പാലക്കാട് –61 എന്നിങ്ങനെയാണ് ജില്ലകളിൽ കേസുള്ളത്. മലപ്പുറത്ത് 52 കേസും ആലപ്പുഴയിൽ 51ഉം കാസർകോട് -39, കണ്ണൂർ -37, വയനാട്, പത്തനംതിട്ട-23 എന്നിങ്ങനെയുമാണ് മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ ധാന്യങ്ങളുടെ 1727 സാമ്പിളും അല്ലാത്ത സാമ്പിൾ 4440 ഉം ശേഖരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനലിറ്റിക്കൽ ലാബുകളിൽ പരിശോധിക്കുകയായിരുന്നു. ഇതിൽ 74 സാമ്പിളുകളുടേത് ‘സുരക്ഷിതമല്ല’ (അൺസേഫ്) എന്ന ഫലമാണ് ലഭിച്ചത്. ഭക്ഷ്യസാമ്പിൾ അൺസേഫ് ആയാൽ അത് നിർമിച്ചവർ, വിൽപന നടത്തുന്നവർ, വിതരണക്കാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കും. എട്ട് സാമ്പിളുകളുടെ പരിശോധനഫലം ‘നിലവാരമില്ലാത്തത്’ (സബ് സ്റ്റാൻഡേഡ്) എന്നാണു കിട്ടിയത്. 15 എണ്ണം മിസ്ബ്രാൻഡഡ് എന്നും കിട്ടി. ഇതിൽ 14 പ്രോസിക്യൂഷൻ കേസും രജിസ്റ്റർ ചെയ്തു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന 5.5 ലക്ഷം ലിറ്റർ പാലിൽ മായം കലർന്നിട്ടുണ്ടെന്നു ശ്രദ്ധയിൽപെട്ടിട്ടും ചെക്പോസ്റ്റുകളിൽ പരിശോധനക്ക് സംവിധാനമില്ല. അപ്രതീക്ഷിത ചെക്കിങ് ഉൾപ്പെടെ പരിശോധന രീതികളാണു നിലവിലുള്ളത്.
പ്രതിദിനം 5.5 ലക്ഷം ലിറ്റർ പാൽ പാറശ്ശാല, ആര്യങ്കാവ്, മീനാക്ഷിപുരം ചെക്പോസ്റ്റുകളിലൂടെ സംസ്ഥാനത്ത് എത്തുന്നു. മിൽമയുടെ വിൽപനയും സംഭരണവും തമ്മിൽ നാലു ലക്ഷം ലിറ്റർ പാലിന്റെ കുറവാണുള്ളത്. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന് പാൽ എത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.