മലങ്കര ജലാശയ തീരത്തെ വനവത്കരണം; ഹിയറിങ് പൂർത്തിയായി
text_fieldsകുടയത്തൂർ: മലങ്കര ജലാശയ തീരത്തെ വനവത്കരണത്തിനെതിരെ നാട്ടുകാർ സമർപ്പിച്ച ആക്ഷേപങ്ങളിൽ ഹിയറിങ് പൂർത്തിയായി. സെറ്റിൽമെന്റ് ഓഫിസറായ ആർ.ഡി.ഒ ഉൾപ്പെടെയുള്ള സംഘത്തിന് മുന്നിലാണ് ഹിയറിങ് പൂർത്തിയാക്കിയത്.
ഹിയറിങ്ങിൽ ഉയർന്നുവന്ന ആരോപണങ്ങളിൽ വിശദീകരണം നൽകാൻ ആഗസ്റ്റ് 20വരെയാണ് വനംവകുപ്പിന് സമയം അനുവദിച്ചിട്ടുള്ളത്. ശേഷം തുടർ നടപടി പൂർത്തിയാക്കും. 450ലധികം പരാതികൾ ലഭിച്ചെങ്കിലും ഇരട്ടിപ്പുകളും മാസ് പെറ്റീഷനും ഒറ്റയായി പരിഗണിച്ചപ്പോൾ 140 എണ്ണമായി ചുരുങ്ങി.
സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ ലഭിച്ച പരാതികൾ ഒറ്റയായി പരിഗണിച്ചു. മലങ്കര ജലാശയതീരത്തെ അറക്കുളം മുതൽ ശങ്കരപ്പള്ളി വരെയുള്ള 130 ഏക്കർ ജലാശയതീരത്തെ ഭൂമിയാണ് വനംവകുപ്പിന് കൈമാറുന്നത്. ഇതിൽ ആക്ഷേപം ഉന്നയിക്കാനുള്ള അവസരം 2022 ഡിസംബർ രണ്ടിന് അവസാനിച്ചിരുന്നു.
പുരയിടത്തിലേക്കും കൃഷിയിടത്തിലേക്കും നിർദിഷ്ട വനഭൂമിയിലൂടെ അല്ലാതെ മറ്റുവഴികളില്ലാത്തവർ, കിണർ കുഴിക്കാൻ അനുമതി ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തവർ, നിലവിലെ കിണറ്റിൽനിന്ന് കുടിവെള്ളം എടുക്കാൻ തുടർന്നും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പരാതി.
2022 ഡിസംബർ രണ്ടിനാണ് 130 ഏക്കർ ഭൂമി വനഭൂമിയാക്കി സർക്കാർ വിഞ്ജാപനം ഇറക്കിയത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ (എം.വി.ഐ.പി) കൈവശത്തിലിരുന്ന ഭൂമിയാണ് വനംവകുപ്പ് ഏറ്റെടുക്കുന്നത്.
തൊടുപുഴ പുളിയന്മല സംസ്ഥാന പാതയുടെയും മലങ്കര ജലാശയത്തിന്റെയും ഇടയിൽ വരുന്ന പ്രദേശമാണ് ഇത്. ഇടമലയാർ ഇറിഗേഷൻ പ്രോജക്ടിനായി വനംവകുപ്പ് എം.വി.ഐ.പിക്ക് ഭൂമി വിട്ടു നൽകിയിരുന്നു. 52 ഹെക്ടർ ഭൂമിയാണ് വിട്ടുനൽകിയിരുന്നത്. ഇതിന് പകരമായി എം.വി.ഐയുടെ കൈവശമുള്ള ഭൂമി വിട്ടുനൽകാമെന്ന് കരാറും അന്ന് ചെയ്തിരുന്നു.
കരാർ പ്രകാരം മുട്ടം, കുടയത്തൂർ, കാഞ്ഞാർ, അറക്കുളം മേഖലകളിലെ 52.59 ഹെക്ടർ എം.വി.ഐ.പി ഭൂമി വനംവകുപ്പിന് കൈമാറുന്ന നടപടികളാണ് നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.