ആഫ്രിക്കൻ പന്നിപ്പനി: ആദ്യഘട്ട ധനസഹായം അനുവദിച്ചു
text_fieldsതൊടുപുഴ: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കർഷകർക്കുള്ള ആദ്യഘട്ട ധനസഹായം അനുവദിച്ചു. ആഫ്രിക്കൻ പന്നിപ്പനി ആദ്യമായി സ്ഥിരീകരിച്ച കരിമണ്ണൂർ, ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിലെ എട്ട് കർഷകർക്കുള്ള 18,75,000 രൂപയാണ് അനുവദിച്ചത്. ജില്ലയിൽ 41 കർഷകർക്കായി 1,04,79,000 രൂപയാണ് നഷ്ടപരിഹാരത്തുകയായി മൃഗസംരക്ഷണ വകുപ്പ് കണക്കാക്കിയത്.
തൂക്കമനുസരിച്ച് 2200 രൂപ മുതൽ 15,000 രൂപ വരെയാണ് കർഷകർക്ക് നൽകുന്നത്. ജില്ലയിൽ ഇതുവരെ 996 പന്നികളെ കൊന്നു. ഡിസംബർ 22ന് മന്ത്രി ജെ. ചിഞ്ചുറാണി ആദ്യഘട്ട ധനസഹായം വിതരണം ചെയ്യും. നവംബർ ഒമ്പതിന് കരിമണ്ണൂർ പഞ്ചായത്തിൽ ചാലാശ്ശേരിയിലെ ഫാമിലാണ് ജില്ലയിൽ ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ഒരുകിലോമീറ്റർ ചുറ്റളവിലായി കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിൽ എട്ട് ഫാമുകളിലെ 262 പന്നികളെ കൊന്നൊടുക്കി.
പിന്നീട് കഞ്ഞിക്കുഴി, വണ്ണപ്പുറം, വണ്ടന്മേട്, പെരുവന്താനം, വാഴത്തോപ്പ് പഞ്ചായത്തുകളിലെ ഫാമുകളിലും രോഗം സ്ഥിരീകരിക്കുകയും ഈ ഫാമുകളിലെ നൂറിലധികം പന്നികളെ കൊല്ലുകയും ചെയ്തു. പിന്നീട് തൊടുപുഴ നഗരസഭയിലെ 17ാം വാർഡ്, കട്ടപ്പന നഗരസഭയിലെ 12ാം വാർഡ്, ഉപ്പുതറ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ, വാത്തിക്കുടി പഞ്ചായത്തിലെ ഒന്നാംവാർഡ് എന്നിവിടങ്ങളിലെ പന്നിഫാമുകളിലും രോഗം സ്ഥിരീകരിച്ചു. ഫാമുകളിൽ പന്നികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രക്തസാമ്പിൾ ശേഖരിച്ച് ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഈ ഫാമുകളുടെ ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചാണ് രോഗംവന്ന പന്നികളെ ദയാവധത്തിന് വിധേയമാക്കിയത്. ഈ പ്രദേശങ്ങളിൽനിന്ന് പന്നിമാംസ വിതരണവും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും താൽക്കാലികമായി നിരോധിച്ചിരുന്നു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് പന്നികളെ കടത്തുന്നത് തടയാൻ ചെക്പോസ്റ്റുകളിലും മറ്റ് പ്രവേശന മാർഗങ്ങളിലും പരിശോധന കർശനമാക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ട ധനസഹായ വിതരണം ജനുവരിയിൽ നടക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.