40 വർഷം കുരുന്നുകൾക്ക് അക്ഷരം പകർന്ന രാജമ്മ പടിയിറങ്ങി
text_fieldsചെറുതോണി: രണ്ട് തലമുറക്ക് ആദ്യക്ഷരം പകർന്ന അംഗൻവാടി അധ്യാപിക രാജമ്മ 40 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി. തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാൽ നൂറ്റാണ്ടോളം ശബ്ദമുയർത്തിയ ഇവർ, ആ ആഗ്രഹം സഫലമാകാതെയാണ് വിരമിക്കുന്നത്.
1983ൽ 175 രൂപ ഓണറേറിയത്തിൽ തുടക്കം കുറിച്ച രാജമ്മക്ക് പിരിയുമ്പോൾ വേതനം 12,000 രൂപ മാത്രമായിരുന്നു. മറ്റാനുകൂല്യങ്ങൾ ഒന്നുമില്ലാതെയാണ് പടിയിറക്കം. 1983ൽ പ്രീഡിഗ്രി പഠനം കഴിഞ്ഞ് അംഗൻവാടി അധ്യാപികയുടെ വേഷമിട്ട ലക്ഷംകവല സ്വദേശി കല്ലേക്കണ്ടത്തിൽ രാജമ്മക്ക് ജീവിതം എന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു. ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ചു.
വിവാഹം തന്നെ വേണ്ടന്നുവെച്ചു. ജനകീയാസുത്രണ പദ്ധതിയിൽ സർക്കാർ നൽകിയ 22,500 രൂപക്ക് പാറപ്പുറത്തു പണിത വീട്ടിൽ ഒറ്റക്കാണ് താമസം. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളം അംഗൻവാടിയിൽ 17 വർഷം സേവനം അനുഷ്ഠിച്ചു. തുടർന്ന് സ്കൂൾ സിറ്റി അംഗൻവാടിയിൽ 23 വർഷം. കുട്ടികളായിരുന്നു എന്നും രാജമ്മയുടെ ലോകം.
കുട്ടികളുടെ ചിരിയും കരച്ചിലും പരിഭവങ്ങളുമൊക്കെയായി കാലം കടന്നു പോയതറിഞ്ഞില്ലെന്ന് 62കാരി രാജമ്മ പറയുന്നു. സ്കൂൾ സിറ്റി അംഗൻവാടിയിൽ നടന്ന ചടങ്ങിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ രാജമ്മയെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.