ശല്യക്കാർക്ക് കടിഞ്ഞാൺ; അക്രമകാരികളായ ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിക്കും
text_fieldsതൊടുപുഴ: ജില്ലയിലെ അക്രമകാരികളായ കാട്ടാനകളെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാൻ വനം വകുപ്പ് തീരുമാനം. ആനകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി വയനാട്ടിൽനിന്ന് എത്തിയ ദ്രുത പ്രതികരണ സംഘം (ആർ.ആർ.ടി) അഞ്ച് ദിവസത്തിനകം വിവരശേഖരണം പൂർത്തിയാക്കും. സംഘത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആനകളെ നിയന്ത്രിക്കാൻ റേഡിയോ കോളർ ഘടിപ്പിക്കുന്നതടക്കം വനം വകുപ്പ് മുന്നോട്ടുവെച്ച നിർദേശങ്ങൾ യോഗം അംഗീകരിക്കുകയായിരുന്നു. മതികെട്ടാൻ ചോലയിലേക്ക് ആനകളെ മാറ്റാൻ ശ്രമം നടത്തും. ശല്യം തുടർന്നാൽ ആനയെ മയക്ക് വെടിവെച്ച് പിടികൂടും.
പാലക്കാട്, വയനാട് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പ്രതിരോധ നടപടികൾക്ക് വെല്ലുവിളിയാണ്. ആനകളുടെ സ്ഥാനം മനസ്സിലാക്കാനുള്ള സംവിധാനങ്ങൾ ആദ്യം ഒരുക്കും.
റേഡിയോ കോളർ ഘടിപ്പിക്കണമെങ്കിലും മയക്കുവെടി വെക്കണം. ജില്ലയിൽ ജലാശയങ്ങൾ ധാരാളമുള്ളതിനാൽ മയക്കുവെടിയേറ്റ ആന വെള്ളത്തിൽ വീഴാൻ സാധ്യതയുണ്ട്.
ഇത് ഒഴിവാക്കാൻ അത്തരം സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്ക് ആനയെ എത്തിച്ചശേഷമേ മയക്കുവെടി വെക്കാനാകൂ.
ആനകളുടെ സഞ്ചാരപഥം അറിയാൻ വാട്സ് ആപ് ഗ്രൂപ്പുകൾക്ക് രൂപം നൽകാനും യോഗത്തിൽ തീരുമാനമായി. കാട്ടാനശല്യമുള്ള സ്ഥലങ്ങളിൽ സൂചനാ ബോർഡുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ ഇൗമാസം 13ന് ജില്ലയിലെത്തും. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വീണ്ടും യോഗം ചേർന്നാകും തുടർനടപടികളിൽ അന്തിമ തീരുമാനം.
ശനിയാഴ്ച എത്തിയ സംഘം ശാന്തൻപാറ മേഖല കേന്ദ്രീകരിച്ചാണ് വിവര ശേഖരണം തുടങ്ങിയത്. റേഞ്ച് ഓഫിസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ സഹായിക്കാൻ ഫോറസ്റ്റ് സെക്ഷൻ ജീവനക്കാരും വാച്ചർമാരും ഒപ്പമുണ്ട്. സംഘം കാട്ടാനക്കൂട്ടങ്ങളുടെ സഞ്ചാരം അടക്കം എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയും അവ വിഡിയോയിൽ പകർത്തുകയും ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച ദേവികുളത്ത് ചേർന്ന ഉന്നതതല യോഗത്തിൽ കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും വിവിധ വകുപ്പുതല മേധാവികളും യോഗത്തിൽ പങ്കെടുത്തു.
സൗരോർജവേലി വാഗ്ദാനത്തിൽ ഒതുങ്ങി; ആനപ്പേടിയിൽ മാൻകുത്തിമേട്
നെടുങ്കണ്ടം: അതിർത്തി വനമേഖലയില്‍നിന്ന് എത്തുന്ന കാട്ടാനക്കൂട്ടങ്ങളെ തുരത്താൻ പ്രഖ്യാപിച്ച സൗരോർജവേലി വാഗ്ദാനത്തില്‍ ഒതുങ്ങി. ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആദിവാസി മേഖലയായ മാന്‍കുത്തിമേട്ടിലെ വേലി നിർമാണമാണ് എങ്ങുമെത്താതെ പോയത്.
തമിഴ്നാട്ടിലെ വനമേഖലയില്‍നിന്ന് കൂട്ടമായി എത്തുന്ന കാട്ടാനകൾ കേരള- തമിഴ്നാട് അതിര്‍ത്തി മേഖലകളായ തേവാരംമെട്ടിലും അണക്കരമെട്ടിലും മാന്‍കുത്തി മേട്ടിലും നാശം വിതക്കുന്നത് പതിവാണ്. മുന്‍വര്‍ഷങ്ങളില്‍ ഏക്കറുകണക്കിന് കൃഷി ഭൂമിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇതോടെ ജനവാസമേഖലക്ക് സുരക്ഷ ഒരുക്കാൻ സൗരോർജവേലി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തേവാരംമെട്ടിലും അണക്കരമെട്ടിലും നെടുങ്കണ്ടം പഞ്ചായത്ത് പദ്ധതി പൂര്‍ത്തീകരിച്ചു. എന്നാല്‍, വനമേഖലയോട് കൂടുതല്‍ അടുത്തുകിടക്കുന്ന, ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന മാന്കുത്തിമേടിനെ പഞ്ചായത്ത് അവഗണിച്ചു. പ്രദേശത്ത് ട്രഞ്ച് നിര്‍മിച്ചിട്ടുണ്ടെങ്കിലും ആന ഇതും മറികടന്ന് കുടിയിലേക്ക് കടക്കാറുണ്ട്.
തേവാരംമെട്ടിലും അണക്കരമെട്ടിലുമായി 1600 മീറ്റർ നീളത്തിലാണ് വേലി സ്ഥാപിച്ചത്. ഇത് മറികടന്ന് ആനകൾ ജനവാസമേഖലയിൽ എത്താറില്ല. പല ദിവസങ്ങളിലും ഉറക്കമൊഴിച്ചിരുന്ന് ആഴികൂട്ടിയും പടക്കം പൊട്ടിച്ചുമാണ് മാന്‍കുത്തിമേട് കുടി നിവാസികൾ ആനകളെ തുരത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.