കാർഷിക കടാശ്വാസം: ബാങ്കുകൾക്ക് സർക്കാർ നൽകാനുള്ളത് 164 കോടി
text_fieldsതൊടുപുഴ: കാർഷിക കടാശ്വാസ കമീഷൻ ഉത്തരവുപ്രകാരം കർഷകർക്ക് വായ്പ ഇളവ് അനുവദിച്ച ഇനത്തിൽ ബാങ്കുകൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത് 164 കോടി. തുക അനുവദിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് പല ബാങ്കുകളും സർക്കാറിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് ബാങ്കുകൾക്ക് വിഹിതം മുടങ്ങാൻ കാരണമായി പറയുന്നത്.
രണ്ടുലക്ഷം രൂപ വരെ വായ്പയെടുത്തശേഷം പ്രതികൂല സാഹചര്യങ്ങൾമൂലം തിരിച്ചടവ് മുടങ്ങിയ കർഷകരുടെ അപേക്ഷകൾ പരിശോധിച്ചാണ് കടാശ്വാസ കമീഷൻ അർഹരായവർക്ക് ഇളവ് അനുവദിക്കുന്നത്. ഇതനുസരിച്ച് വായ്പ തിരിച്ചടവിെൻറ നിശ്ചിത ശതമാനം സർക്കാർ ഏറ്റെടുക്കുകയും ശേഷിക്കുന്ന തുക പിഴപ്പലിശ ഇല്ലാതെ അടക്കാൻ കർഷകർക്ക് ബാങ്കുകൾ സാവകാശം നൽകുകയും ചെയ്യും.
ഇങ്ങനെ സർക്കാർ ഏറ്റെടുത്ത ബാധ്യതയിൽ ഉൾപ്പെടുന്ന 164 കോടിയാണ് ബാങ്കുകൾക്ക് കിട്ടാനുള്ളത്. 2019 അവസാനം വരെ കമീഷൻ അനുവദിച്ച ഇളവിൽ 229 കോടി സർക്കാർ ബാങ്കുകൾക്ക് നൽകിയിരുന്നു.
ലോക്ഡൗൺ നിയന്ത്രണങ്ങൾമൂലം തടസ്സപ്പെട്ട് കിടന്ന സിറ്റിങ് അടുത്തിടെയാണ് കമീഷൻ പുനരാരംഭിച്ചത്. കടാശ്വാസം തേടി കഴിഞ്ഞവർഷം മാർച്ച് 31 വരെ കർഷകർ സമർപ്പിച്ച 58,281 അപേക്ഷ തീർപ്പാക്കാനുള്ള അടിയന്തര നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് കമീഷൻ വൃത്തങ്ങൾ അറിയിച്ചു. ഇൗ അപേക്ഷകളിൽ തീർപ് കൽപ്പിക്കുേമ്പാൾ ബാങ്കുകൾക്ക് കിട്ടാനുള്ള തുക ഇനിയും ഉയരും.
അതേസമയം, അരലക്ഷത്തിലധികം അപേക്ഷ പരിഗണിക്കാൻ ബാക്കിയുള്ളതിനാലും കോവിഡ് പ്രതിസന്ധിയിൽ കമീഷൻ പ്രവർത്തനം തടസ്സപ്പെട്ടതിനാലും 2020 മാർച്ച് 31നുശേഷം കാർഷിക കടാശ്വാസത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചിട്ടില്ല.
കോവിഡും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായ കർഷകരെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അപേക്ഷകൾ സ്വീകരിച്ചുതുടങ്ങണമെന്ന ആവശ്യം പല കോണുകളിൽനിന്നും ശക്തമാണ്. ഇതുസംബന്ധിച്ച് കമീഷൻ ചെയർമാൻ കത്ത് നൽകിയെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. കടാശ്വാസം അനുവദിച്ച വകയിൽ ബാങ്കുകൾക്ക് വലിയൊരു തുക കൊടുക്കാനിരിക്കെ ബാധ്യത പെെട്ടന്ന് ഉയരുമെന്നതിനാലാണ് അപേക്ഷ സ്വീകരിക്കുന്നത് നീണ്ടുപോകുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.