ആമപ്പാറയിലെ അക്ഷയ ഊര്‍ജ പാര്‍ക്ക് കാടു കയറി നശിക്കുന്നു
text_fieldsനെടുങ്കണ്ടം: കേരള -തമിഴ്നാട് അതിര്‍ത്തി മേഖലയായ ആമപ്പാറയിലെ അക്ഷയ ഊര്‍ജ പാര്‍ക്ക് കാടുകയറി നശിക്കുന്നു. വിനോദ സഞ്ചാരകേന്ദ്രമായ രാമക്കല്‍മേടിന് സമീപത്തുള്ള ആമപ്പാറയില്‍ നിര്‍മിച്ച അക്ഷയ ഊര്‍ജ പാര്‍ക്കാണ് നശിക്കുന്നത്. സിഡാക്കിന്റെയും കെല്‍ട്രോണിന്റെയും സാങ്കേതിക സഹായത്തോടെ അനര്‍ട്ട് നിര്‍മിച്ചതാണ് പദ്ധതി. അഞ്ഞുറിലധികം പാനലുകള്‍ ഘട്ടം ഘട്ടമായി സ്ഥാപിച്ച് വൈദ്യൂതി ഉല്പാദനം വർധിപ്പിക്കാന്‍ അനര്‍ട്ടും വൈദ്യുതി ബോര്‍ഡും ലക്ഷ്യമിട്ട പദ്ധതിയാണിത്. വര്‍ഷം മുഴുവന്‍ ശക്തമായ കാറ്റ് വീശുന്ന, നല്ല സൂര്യപ്രകാശമുള്ള വിശാലമായ പുല്‍മേടുകളോടു കൂടിയ സ്ഥലമാണ് ആമപ്പാറ. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേ സമയം വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്. കഴിഞ്ഞ വര്‍ഷം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ ഒരു വര്‍ഷം പിന്നിടുമ്പോഴും കാറ്റാടി സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന്റെ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. അതിനിടയിലാണ് കാട് കയറിയത്.
325 വാട്ട് ശേഷിയുള്ള 3042 ഇന്ത്യന്‍ നിര്‍മിത സോളാര്‍ പാനലുകളാണ് നാലേക്കറോളം വരുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് ദിനേന 2000 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപയാണ് വകയിരുത്തിയത്. രണ്ടും മൂന്നും ഘട്ടങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആദ്യഘട്ട പദ്ധതിയായ സോളാര്‍ പാടത്തിന്റെ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടത്താത്തത് മൂലം കാട് കയറി നശിക്കുകയാണ്.
സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനായിരുന്നു പദ്ധതി. ആദ്യ ഘട്ടത്തില്‍ സോളാറില്‍നിന്ന് ഒരു മെഗാവാട്ട് ഉല്പാദിപ്പിക്കുകയും പിന്നീട് പദ്ധതി വിജയകരമായാല്‍ ശേഷി മൂന്നു മെഗാവാട്ടായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേ സമയം വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി കണ്ടെത്തിയ കേരളത്തിലെ ഏക പ്രദേശമാണിവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.