ഈത്തപ്പഴങ്ങളെല്ലാം എത്തിപ്പോയി...
text_fieldsതൊടുപുഴ: റമദാൻ ലക്ഷ്യമിട്ട് വിപണി കീഴടക്കി ഈത്തപ്പഴ മധുരം. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം രൂപത്തിലും ഗുണത്തിലും സ്വാദിലും വൈവിധ്യം നിറയുന്ന, വിദേശരാജ്യങ്ങളിൽനിന്നുള്ള ഈത്തപ്പഴങ്ങൾ താരമാകുകയാണ്. ആഴ്ചകൾക്ക് മുമ്പേ ആവശ്യക്കാർ തേടിയെത്തി തുടങ്ങിയെങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കച്ചവടം അത്ര ചൂടുപിടിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
സൗദി, ജോർഡൻ, അൾജീരിയ, ഇറാൻ, യു.എസ്.എ, തുനീഷ്യ എന്നിവടങ്ങളിൽനിന്നെല്ലാം വ്യത്യസ്തയിനം ഈത്തപ്പഴങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. ഇറാന്റെയും സൗദിയുടെയും ഈത്തപ്പഴങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. 150 രൂപ മുതൽ 1200 രൂപ വരെയുള്ള ഇനങ്ങൾ ഇത്തവണ വിപണിയിൽ ലഭ്യമാണ്. സൗദിയുടെ അജ്വക്ക് കിലോ 1000 രൂപയും ജോർഡന്റെ മെജ്ദൂളിന് 1200 രൂപയുമാണ് വില.
ദിലാൻ സോഫ്റ്റ്, ഹസ്ന, സയാൻ, സുൽത്താൻ, റബ്ബി ഹുറാന, ഗ്ലോറിയ, ലുലു (സഅദ്), മെഹ്ഫിൽ മശ്റൂഖ്, മെഹ്ഫിൽ മബ്രൂക്ക്, സുക്രി ഡ്രൈ കിങ്, ക്രൗൺ സഫാവി ഗ്രീൻ, ജബരി, മെഹ്ഫിൽ സഗായ്, മെഹ്ഫിൽ തബൂക്ക്, ഖുദ്രി കിങ്, അൾജീരിയയിൽനിന്നുള്ള ഡെഗ്ലെറ്റ് നൂർ, നസീം, ടാറ്റ്കോ തുടങ്ങിയവയാണ് വിപണിയിലെ മറ്റ് പ്രധാന ഇനങ്ങൾ.
മുമ്പ് റമദാൻ സീസണിൽ മാത്രം കാര്യമായി കച്ചവടം നടന്നിരുന്ന ഈത്തപ്പഴം ഇപ്പോൾ ദൈനംദിന വിഭവങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.അതുകൊണ്ട് മറ്റ് വേളകളിലും ഈത്തപ്പഴത്തിന് ആവശ്യക്കാരുണ്ടെന്ന് തൊടുപുഴയിലെ എടക്കാട്ട് എന്റർപ്രൈസസ് മാനേജിങ് പാർട്ണർ ഇ.എ. അഭിലാഷ് പറയുന്നു. മായമില്ലാത്ത പഴം എന്ന പരിവേഷവും ഈത്തപ്പഴത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു.എല്ലാ തരക്കാർക്കും താങ്ങാവുന്ന വിലക്ക് കിട്ടുന്നു എന്നതാണ് ഇറാന്റെ ഇടത്തരം പഴങ്ങൾക്ക് ആവശ്യക്കാർ കൂടാൻ കാരണം. മുൻ വർഷങ്ങളിലേതുപോലെതന്നെ വ്യക്തികൾക്ക് പുറമെ പള്ളികളിലേക്കും റിലീഫ് വിതരണത്തിനായി സംഘടനകളും ഈത്തപ്പഴങ്ങൾ കൂടുതലായി വാങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.