ആംബുലൻസ് ഡ്രൈവർമാർ ചോദിക്കുന്നു, ഞങ്ങളുടെ ജീവനും വിലയില്ലേ?
text_fieldsതൊടുപുഴ: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിലെത്തുേമ്പാഴേക്കും അടുത്ത വിളിയെത്തും. രാത്രിയെന്നോ പകലെന്നോ ഒന്നും നോക്കാറില്ല. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നത്. പിന്നെ വണ്ടിയുമെടുത്ത് ആശുപത്രിയിലേക്ക് ഒറ്റ പാച്ചിലാണ്. തൊടുപുഴയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവറായ എം.എ. സജീറിെൻറ വാക്കുകളാണിത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുേമ്പാൾ മുന്നണിപ്പോരാളികളെപോലെ വിശ്രമമില്ലാത്ത ജോലിത്തിരക്കിലാണ് സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരും. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവരാണ് കൂടുതലും വിളിക്കുക.
വിളി എത്തിയാൽ ഒരു മിനിറ്റുപോലും വൈകാറില്ല. ആദ്യമൊന്നും എത്തുന്ന ആശുപത്രികളിൽ ബെഡ് ഒഴിവുണ്ടാകില്ല. തങ്ങൾതന്നെ ആശുപത്രി അധികൃതരുടെ കാലുപിടിച്ച് അഡ്മിറ്റാക്കിയാണ് മടങ്ങുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി ആശുപത്രികളിലേക്ക് കുതിക്കുേമ്പാൾ ബന്ധുക്കളെക്കാൾ ആശങ്കയാണ് ഞങ്ങൾക്കും. ഒരവസരത്തിൽ ശ്വാസംമുട്ടലിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലിരുന്ന രോഗിയുമായി ആശുപത്രിയിലെത്തിയെങ്കിലും വെൻറിലേറ്റർ സൗകര്യമില്ലാത്തതിനാൽ അഡ്മിറ്റാക്കാൻ കഴിഞ്ഞില്ല. മറ്റ് പല ആശുത്രികളിലും കയറിയെങ്കിലും സമാന അവസ്ഥയായിരുന്നു. കുറച്ചുസമയം കഴിഞ്ഞതോടെ രോഗിയുടെ നില വഷളായി. തുടർന്ന് സ്വന്തം ആംബുലൻസിൽനിന്നാണ് രോഗിക്ക് ഓക്സിജൻ നൽകിയെതന്നും സജീർ പറയുന്നു.
ഒരുമടിയും കൂടാതെയാണ് ഓരോ വിളി വരുേമ്പാഴും വണ്ടിയുമെടുത്ത് പോകുന്നത്. പലേപ്പാഴും വലിയ സാഹസത്തിലാണ് ജോലി ചെയ്യുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വാക്സിൻ ലഭിച്ചപ്പോഴും തങ്ങളെ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് ഇവരുടെ വിഷമം. രോഗികളുമായി പോകുേമ്പാൾ അവരിൽനിന്ന് പലപ്പോഴും പണം വാങ്ങാൻപോലും നിക്കാറില്ല. പിന്നെ മതി എന്ന് പറഞ്ഞ് മടങ്ങും. ചിലരുടെ അവസ്ഥ കണ്ട് പണം വാങ്ങാതെയും മടങ്ങിയിട്ടുണ്ട്. ഇപ്പോൾ പലർക്കും രോഗം പിടിപെടുന്നത് ആശങ്കക്കിടയാക്കുന്നുണ്ടെന്നും ആംബുലൻസ് ഡ്രൈവർമാരായ കെ.സി. യേശുദാസും ഫസൽ മുഹമ്മദും പറയുന്നു. ഓട്ടം പോകുന്നത് മാത്രമല്ല, രോഗികളായതിനാൽ ഇവരുടെ വീടുകളിലേക്ക് എന്തെങ്കിലും സാധനങ്ങൾ വേണ്ടതുണ്ടോ എന്ന് അന്വേഷിച്ചാണ് മടങ്ങുന്നത്.
ചില വീടുകളിൽ മുഴുവൻ പേരും രോഗികളായിരിക്കും. അവസ്ഥ കണ്ട് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ അവർക്ക് ഭക്ഷണവും പലയിടങ്ങളിലും എത്തിച്ചു നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു. ഇതുവരെ തൊടുപുഴ മേഖലയിൽ മാത്രം പത്തോളം പേർ രോഗബാധിതരായി. ഇനിയും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. കൂട്ടത്തോടെ രോഗം വന്നാല്‍ ആംബുലന്‍സ് ഓടിക്കാന്‍ ആളെ കിട്ടാതാകും. മറ്റ് ഡ്രൈവര്മാരെെകാണ്ട് സര്‍വിസ് നടത്താമെന്നു കരുതിയാലും ആംബുലന്‍സ് ഓടിച്ച് പരിശീലനമില്ലാത്തത് വെല്ലുവിളിയാകും. കോവിഡ് അപകടകാരിയാകുന്ന കേസുകൾ നേരിട്ട് കണ്ടിട്ടുള്ളതിനാൽ ആശങ്കയോടെതന്നെയാണ് ഓരോ ദിവസം വീട്ടിൽനിന്ന് ഇറങ്ങുന്നതും തിരികെ മടങ്ങുന്നതെന്നും ഇവർ പറയുന്നു. സ്വകാര്യമേഖലയിൽ ഒട്ടുമുക്കാൽ ആംബുലൻസ് ഡ്രൈവർമാർക്കും വാക്സിൻ ലഭിക്കാത്ത സാഹചര്യമാണ്. തിരുവനന്തപുരം ജില്ലയിൽ കുറച്ച് ഡ്രൈവർമാർക്ക് വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലും ഡ്രൈവർമാർക്ക് വാക്സിൻ നൽകാനുള്ള നടപടി വേഗത്തിലാക്കണമെന്ന അഭ്യർഥനയാണ് ഇവർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.