മാങ്കുളത്ത് പൊലീസുകാർക്ക് നരകമായി ഒരു ഔട്ട്പോസ്റ്റ്
text_fieldsഅടിമാലി: മൂന്നാർ പൊലീസ് സ്റ്റേഷന് കീഴിലെ മാങ്കുളം പൊലീസ് ഔട്പോസ്റ്റ് ശോച്യാവസ്ഥയിൽ. വെള്ളമോ, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമോ ഇല്ലാത്ത ഈ ഔട്പോസ്റ്റ് പൊലീസുകാർക്ക് നരകമാണ്. ഈ ഔട്പോസ്റ്റിൽ ജോലിയെടുക്കുകയെന്നത് ദുരിതപൂർണമാണ്. ഇതിനോട് ചേർന്ന് പൊലീസുകാർക്ക് താമസിക്കാൻ നൽകിയിരിക്കുന്നത് ഒറ്റമുറി പീടികയാണ്. ഇതാണെങ്കിൽ കാലപ്പഴക്കത്താൽ ഏത് നിമിഷവും താഴെ വീഴുമെന്ന അവസ്ഥയാണ്. കുടിക്കാൻ വെള്ളം ചുമന്നുകൊണ്ട് വരണം.
ബാത്ത് റൂം ഇല്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സമീപ വീടുകളെ ആശ്രയിക്കണം. അഡീഷനൽ എസ്.ഐ, മൂന്ന് പൊലീസുകാർ, ഒരു ൈഡ്രവർ എന്നിവരാണ് ഇവിടെ ജോലിയെടുക്കുന്നത്. നൈറ്റ് പെട്രോളിങ് ഉൾപ്പെടെ പിടിപ്പത് ജോലിയാണ് ഇവിടെ ജോലി നോക്കുന്നവർക്ക്. എട്ടുവർഷം മുമ്പ് ഔട്പോസ്റ്റ് സ്ഥാപിച്ചപോൾ 12 ജീവനക്കാർ ഇവിടെയുണ്ടായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാങ്കുളത്ത് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് പലതവണ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിനായി പഞ്ചായത്ത് സ്ഥലം വിട്ടുനൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇതേവരെ ഇതിനായി ഒരു നടപടിയുമുണ്ടായിട്ടില്ല. വ്യാജമദ്യ നിർമാണത്തിെൻറയും ചാരായ വാറ്റിെൻറയും കേന്ദ്രമാണ് മാങ്കുളം. ഒരു മാസത്തിനിടെ 90 ലിറ്റർ വാറ്റ് ചാരായവും 1000 ലിറ്ററിന് മേൽ കോഡയും പിടികൂടി. കഴിഞ്ഞദിവസം വേലിയാംപാറ ആദിവാസി കോളനിയിൽ 10 വയസ്സിന് താഴെയുള്ള അഞ്ച് ആദിവാസി കുട്ടികൾ മദ്യം കഴിച്ച് ബോധരഹിതമായി വീണു.
നാട്ടുകാരും ജനപ്രതിനിധികളും വിവരമറിഞ്ഞ് എത്തിയെങ്കിലും ഇവർക്ക് മദ്യം എങ്ങനെ ലഭിച്ചൂവെന്ന് വ്യക്തമായില്ല. ഇത്തരം സംഭവങ്ങൾ കോളനികളിൽ പതിവാണെന്നും മാങ്കുളത്ത് പൊലീസ് സ്റ്റേഷൻ വേണമെന്നും ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.