സുറുമി വിളിച്ചു; അടിമാലിയിൽനിന്ന് മമ്മൂട്ടിക്ക് കേക്കെത്തി
text_fieldsതൊടുപുഴ: മമ്മൂട്ടിയുടെ 70ാം പിറന്നാൾ ആഘോഷത്തിന് ഒരു മണിക്കൂർ കൊണ്ട് കേക്ക് നിർമിച്ച ഞെട്ടൽ അഞ്ജലിക്ക് ഇപ്പോഴും മാറിയിട്ടില്ല. തിങ്കളാഴ്ച രാത്രി എട്ടോടെ അടിമാലി ടൗണിലെ തെൻറ കടയടച്ച് വീട്ടിലെത്തിയതായിരുന്നു അഞ്ജലി. 10 മണിയോടെയാണ് ടൗണിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് വിളിയെത്തുന്നത്.
11 മണിക്കകം ഒരു കേക്ക് വേണം. മമ്മൂട്ടിക്ക് കുടുംബത്തോടൊപ്പം മുറിക്കാനാണ്. ആദ്യം തമാശയാണെന്ന് തോന്നിയെങ്കിലും അൽപസമയം കഴിഞ്ഞതോടെ ഒരു നമ്പറിൽ നിന്ന് വീണ്ടും വിളിയെത്തി. മറുതലക്കൽ മമ്മൂട്ടിയുടെ മകൾ സുറുമി. ഒന്ന് ഞെട്ടിയെങ്കിലും അഞ്ജലി സംസാരിച്ചു.
സുറുമി പറഞ്ഞു തുടങ്ങി. ''വാങ്ചോ കേക്ക് മതി. സിമ്പിൾ വൺ. മുകളിൽ വൈറ്റ് ഗനാഷ് മാത്രം. ചെറിയ ചോക്ലറ്റ് ഡെക്കറേഷൻ മതി. ഹാപ്പി ബർത്ത്ഡേ വാപ്പി എന്നെഴുതണം''. മമ്മൂട്ടിയുടെ 70ാം പിറന്നാളിന് താൻ കേക്കുണ്ടാക്കാൻ പോകുന്നു എന്ന തോന്നലിൽ കൈയും കാലും വിറച്ചു. നീയൊന്ന് ടെൻഷനടിക്കല്ലേ അഞ്ജു എന്ന ഭർത്താവിെൻറ ഉപദേശത്തിന് പിന്നാലെ പ്രാർഥിച്ചു കൊണ്ട് കേക്കുണ്ടാക്കിത്തുടങ്ങി.
ഒരു മണിക്കൂറിൽ കേക്ക് ഉണ്ടാക്കി പാക്ക് ചെയ്യുേമ്പാൾ അൽപംകൂടി നേരത്തേ ഓർഡർ കിട്ടിയിരുന്നെങ്കിൽ എന്ന നിരാശ ഉണ്ടായിരുന്നതായി അഞ്ജലി പറയുന്നു. എങ്കിലും മമ്മൂക്കയെപ്പോലൊരു മഹാനടെൻറ പിറന്നാളിന്, കേക്ക് നൽകാൻ സാധിക്കുന്നതിൽ കവിഞ്ഞൊരു മഹാഭാഗ്യം വേറെയെന്തുണ്ടാവുമോയെന്നാണ് അഞ്ജലി ചോദിക്കുന്നത്.
അടിമാലിക്കടുത്ത് കല്ലാറിലെ എസ്റ്റേറ്റ് ബംഗ്ലാവിലാണ് മമ്മൂട്ടി ചൊവ്വാഴ്ച ജന്മദിനം ആഘോഷിച്ചത്. മമ്മൂട്ടിക്ക് കുടുംബത്തിനൊപ്പം ജന്മദിനമാഘോഷിക്കാൻ കേക്ക് ഉണ്ടാക്കിയ കഥ അഞ്ജലി തെൻറ ഇൻസ്റ്റഗ്രാം പേജിൽ പങ്കുെവച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്. അഞ്ജലിയുടെ ഭർത്താവ് പ്രവീൺ അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ്. മക്കൾ: നിയ, അർണവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.