സിഗ്നൽ ലൈറ്റ് മിഴിയടച്ചു; കോളപ്ര പാലത്തിൽ വാക്തർക്കം പതിവ്
text_fieldsകുടയത്തൂർ: ആലക്കോട് - കുടയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോളപ്ര പാലത്തിലെ സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം നിലച്ചു. ഇരുഭാഗങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാൻ ഇടമില്ലാത്തതിനാലാണ് പാലത്തിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. സൗരോർജ സംവിധാനത്തിലാണ് ലൈറ്റ് പ്രവർത്തിച്ചിരുന്നത്. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ ഇരുവശങ്ങളിൽ നിന്നും ഒരേ സമയം വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നു. ഇത് മിക്കവാറും വാക്ക് തർക്കത്തിനും സംഘർഷത്തിനും കാരണമാകുന്നു. മൂന്ന് ലക്ഷം രൂപ മുടക്കിയാണ് കുടയത്തൂർ, കോളപ്ര എന്നിവിടങ്ങളിലെ പാലങ്ങളിൽ പഞ്ചായത്ത് സൗരോർജ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്.
കോളപ്ര പാലത്തിലെ ലൈറ്റ് തകരാറിലായിട്ട് മാസങ്ങളായി. നാട്ടുകാരുടെ പരാതി രൂക്ഷമാകുമ്പോൾ സിഗ്നൽ ലൈറ്റ് നന്നാക്കും. ഒരാഴ്ച കഴിയുമ്പോൾ വീണ്ടും തകരാറിലാകും. ഗുണമേൻമയുള്ള സൗരോർജ പാനലല്ല ഘടിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. തലയനാട്, അഞ്ചിരി, ഇഞ്ചിയാനി, കലയന്താനി, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിലേക്ക് അനേകം വാഹനങ്ങളാണ് ഈ പാലം വഴി സഞ്ചരിക്കുന്നത്. പാലത്തിൽ വെച്ചുള്ള തർക്കം പലപ്പോഴും മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാക്കുന്നു. വാഹനങ്ങൾ പാലത്തിൽ നിർത്തിയിട്ടാണ് യാത്രക്കാർ വാക്കുതർക്കത്തിൽ ഏർപ്പെടുന്നത്. തകരാറിലായ സിഗ്നൽ ലൈറ്റ് അടിയന്തിരമായി നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.