ലഹരിക്കെതിരെ ഓട്ടോ ഡ്രൈവറുടെ ഒറ്റയാൾ പോരാട്ടം
text_fieldsതൊടുപുഴ: ഒരാഴ്ചയായി തോളിൽ ഒരു മനുഷ്യന്റെ ഡമ്മിയുമായി ഷാജി നടപ്പ് തുടങ്ങിയിട്ട്. പൊതു സ്ഥലങ്ങൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെല്ലാം കയറി ഇറങ്ങുന്നുണ്ട്. ലഹരിക്കെതിരെ നാട് മുഴുവൻ കാമ്പയിനുകളടക്കം പ്രവർത്തനങ്ങളും നടക്കുമ്പോൾ വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണവുമായി കൗതുകം സൃഷ്ടിക്കുകയാണ് മുവാറ്റുപുഴ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ എം.കെ. ഷാജി. ലഹരിക്കടിപ്പെട്ട ആളുടെ പ്രതീകമാണ് തന്റെ ചുമലിൽ തൂങ്ങുന്നതെന്നാണ് ഷാജി പറയുന്നത്.
ലഹരിക്കെതിരെ യുവജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടാണ് ഇത്തരമൊരു നീക്കം. ലഹരി മുക്ത കേരളത്തിനായി ഒന്നിക്കുക, ലഹരി നിങ്ങളെ വേട്ടയാടുന്ന കൊലയാളി, ലഹരി ഉപയോഗം നിങ്ങളെ നശിപ്പിക്കും എന്നീ ബോർഡുകൾ ഷാജിയുടെ ദേഹത്തും കഴുത്തിലുമായി തൂക്കിയിട്ടുമുണ്ട്. കാൽനടയായാണ് ബോധവത്കരണം. ഒരാഴ്ച മുമ്പ് എറണാകുളം ഗാന്ധി സ്ക്വയറിൽനിന്നാണ് ഷാജി തന്റെ വ്യത്യസ്തമായ ബോധവത്കരണ യാത്ര തുടങ്ങിയത്.
ഓട്ടോറിക്ഷക്കാരനാണ്. ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം പോലും തൽക്കാലം ഉപേക്ഷിച്ചാണ് ഇത്തരമൊരു ബോധവത്കരണവുമായി ഷാജി രംഗത്തിറങ്ങിയത്. തൊടുപുഴയിലെത്തിയ ഷാജി ഇടുക്കി, കോട്ടയം ജില്ലകളിലൂടെ 10 ദിവസം കൂടി ബോധവത്കരണ യജ്ഞം തുടരും. സന്ദേശയാത്രയിലൂടെ ലഹരിയെ തച്ചുടക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ പങ്കാളിത്തം കൂടിയുണ്ടെങ്കിലേ ലഹരിയെന്ന വിപത്തിനെ തുടച്ചുനീക്കാൻ കഴിയുകയുള്ളൂവെന്നും ഷാജി പറയുന്നു. 2007മുതൽ വിവിധ പാരിസ്ഥിതിക സാമൂഹിക വിഷയങ്ങളിൽ ഷാജി തന്റെ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മൂവാറ്റുപുഴയാർ മലിനമാക്കുന്നതിനെതിരെ പുഴക്ക് നടുക്കുള്ള തുരുത്തിൽ മുട്ടുകുത്തിനിന്ന് ഷാജി പ്രതിഷേധിച്ചിരുന്നു. അനധികൃത പാറമടകളുടെ പ്രവർത്തനത്തിനെതിരെയും റോഡിലെ കുഴികൾക്കെതിരെയും ഷാജി ഒറ്റയാൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.