പീരുമേടിന് പ്രിയം ചുവപ്പ്; കോൺഗ്രസ് നാലുവട്ടം മാത്രം
text_fieldsപീരുമേട്: ഇപ്പോൾ ഒരുമിച്ചായ സി.പി.എമ്മും സി.പി.ഐയും പരസ്പരം കൊണ്ടുംകൊടുത്തും ജയപരാജയമറിഞ്ഞ മണ്ഡലമെന്ന കൗതുകം. കോൺഗ്രസുകാരുടെ പ്രിയ 'അച്ചായൻ' കെ.കെ. തോമസ് തുടർച്ചയായി മൂന്ന് വട്ടം വിജയിച്ച ഇടതു മണ്ഡലമെന്ന പ്രതിഛായയും പീരുമേടിന് സ്വന്തം. അച്ചായന് ശേഷം കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ഇ.എം. ആഗസ്തിക്ക് ശേഷം ഒരു കോൺഗ്രസുകാരനും എം.എൽ.എയാകാൻ സാധിച്ചിട്ടില്ല. ആഗസ്തി തുടരെ രണ്ടുവട്ടമാണ് അടിയറവ് പറഞ്ഞത്. ഇടതുപക്ഷത്തുനിന്ന് തുടരെ മൂന്നുവട്ടം വിജയിച്ചത് സി.പി.എമ്മിലെ കെ.ഐ. രാജനും സി.പി.ഐക്കാരിയായ നിലവിലെ എം.എൽ.എ ഇ.എസ്. ബിജിമോളും. ഇടവിട്ടാണെങ്കിലും സി.പി.ഐയിലെ സി.എ. കുര്യനും മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടു. 1965 മുതൽ ഇതുവരെ വലതുപക്ഷം പീരുമേട്ടിൽ വിജയിച്ചത് നാലുതവണ മാത്രമാണ്.
തേയിലയുടെ ഗന്ധവും വിനോദ സഞ്ചാരത്തിെൻറ മനോഹാരിതയും നിറഞ്ഞ പീരുമേട് മണ്ഡലത്തിൽ രാജ്യം ശ്രദ്ധിക്കുന്ന മുല്ലപ്പെരിയാറും രാജ്യത്തിന് മാതൃകയായ പെരിയാർ കടുവ സങ്കേതവും തേക്കടിയുമെല്ലാം ഉൾപ്പെടുന്നു. കുളിരുള്ള കാലാവസ്ഥയിലും ചൂടുള്ള വിപ്ലവ രാഷ്ട്രീയം വിളയുന്നു ഇവിടെ. പീരുമേട് താലൂക്കിലെ പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, കൊക്കയാർ എന്നീ പഞ്ചായത്തുകൾക്കൊപ്പം ഉടുമ്പൻചോല താലൂക്കിലെ ചക്കുപള്ളം, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്നതാണ് പീരുമേട് നിയമസഭ മണ്ഡലം. 2016ലെ കണക്ക് പ്രകാരം 1,75,275 വോട്ടർമാരാണുള്ളത്.
കോൺഗ്രസ് സ്ഥാനാർഥികളെ തോൽപിച്ച് തുടർച്ചയായി മൂന്നാംവട്ടവും പീരുമേടിെൻറ പ്രതിനിധിയായ ഇ.എസ്. ബിജിമോൾ നാലാം അങ്കത്തിന് ഉണ്ടാവില്ലെന്നാണ് സൂചന. മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കട്ടെയെന്ന പാർട്ടി മാനദണ്ഡമാണ് തടസ്സം. കഴിഞ്ഞ തവണ 314 വോട്ടിന് മാത്രം വിജയിച്ചതും ബിജിമോളുടെ സാധ്യത കുറക്കുന്നു. മുൻ എം.എൽ.എ കെ.കെ. തോമസിെൻറ മകൻ അഡ്വ. സിറിയക്ക് തോമസാണ് നേരിയ വോട്ടിന് പരാജയപ്പെട്ടത്. സിറിയക്കിനെ കൂടാതെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പലരും ഇക്കുറി സീറ്റിനായി രംഗത്തുണ്ട്.
മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ ആറും ഇത്തവണ എൽ.ഡി.എഫിനാണ്. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുഴുവൻ പഞ്ചായത്തുകളിലും ലീഡ് കരസ്ഥമാക്കിയ യു.ഡി.എഫിനാണ് ത്രിതല പഞ്ചായത്തിൽ അടിതെറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.