ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം ‘നീലക്കുറിഞ്ഞി’ നാടിന് സമര്‍പ്പിച്ചു
text_fieldsഇടുക്കി: ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രങ്ങൾ ജൈവവൈവിധ്യങ്ങളുടെ അറിവ് നല്‍കുന്നതിനൊപ്പം അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം കൂടിയാണ് ബോധ്യപ്പെടുത്തുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സവിശേഷതകളെ പരിചയപ്പെടുത്തി അടിമാലി ഗവ. ഹൈസ്കൂളിനോട് ചേര്‍ന്ന് ഒരുക്കിയ ‘നീലക്കുറിഞ്ഞി’ ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.
പ്രകൃതിയെയും ജൈവവൈവിധ്യ സമ്പത്തിനെയും കുറിച്ച് കൂടുതല്‍ ധാരണയുണ്ടാക്കാന്‍ ഉതകുന്ന തരത്തിലാണ് ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. അതിഗുരുതര വംശനാശ ഭീഷണി നേരിടുന്ന മുന്നൂറിലധികം ജീവജാലങ്ങളുടെ അഭയകേന്ദ്രമാണ് പശ്ചിമഘട്ടം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യ സമ്പത്ത് സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. ജില്ലയിലെ പട്ടയ-ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിയമഭേദഗതിയിലൂടെ കഴിഞ്ഞു. ചെറുതും വലുതുമായ നിർമിതികള്‍ നിയമഭേദഗതിയിലൂടെ ക്രമവത്കരിക്കാന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിമാലി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി സംസ്ഥാന കോഓഡിനേറ്റർ ടി.എൻ. സീമ പദ്ധതി വിശദീകരിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസർ ആർ. വിജയ നീലക്കുറിഞ്ഞി ബ്രോഷർ പ്രകാശനം ചെയ്തു. ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ആശയവും രൂപകൽപനയും നിർവഹിച്ച ഡോ. സുജിത്തിനെയും കൈലാഷിനെയും മന്ത്രി ആദരിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സോളി ജീസസ്, സി.ഡി. ഷാജി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ചാണ്ടി പി. അലക്സാണ്ടർ, കെ.എം. ഷാജി, ഷാജി കോയിക്കക്കുടി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാൻ തമ്പി ജോർജ്, പി.ടി.എ പ്രസിഡന്റ് കെ.എ. അശോക്, അടിമാലി ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് സി.കെ. സിന്ധു, നവകേരളം ജില്ല കോഓഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.