ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് പിടിമുറുക്കി ബ്ലേഡ് മാഫിയ
text_fieldsതൊടുപുഴ: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യം മുതലെടുത്ത് ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. പ്രളയങ്ങൾക്ക് പിന്നാലെത്തിയ കോവിഡ് തരംഗങ്ങൾ ജില്ലയിലെ തോട്ടം, വ്യാപാര മേഖലകളെ അക്ഷരാർഥത്തിൽ തകിടം മറിച്ചിരിക്കുകയാണ്. സർക്കാർ സഹായംപോലും ലഭിക്കാതെ പലരും പിടിച്ച് നിൽപിനുള്ള ശ്രമത്തിലാണ്. ഇവരെ ലക്ഷ്യമിട്ടാണ് ബ്ലേഡ് മാഫിയ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗം കൂടി എത്തിയതിനെ തുടർന്ന് ഹൈറേഞ്ചിലെയടക്കം വ്യാപാര വാണിജ്യമേഖലകൾ ഒന്നാകെ പ്രതിസന്ധിയിലായിരുന്നു. വിലക്കയറ്റവും വിളകൾക്ക് വിലിയില്ലാതായും ഇന്ധനവിലക്കയറ്റവും കർഷകരുടെ നട്ടെല്ലൊടിച്ചു. ബാങ്ക് ലോണെടുത്തും കടം വാങ്ങിയും കൃഷി ചെയ്തും വ്യാപാരം തുടങ്ങിയവരും വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ലോൺ അടവുകൾ മുടങ്ങിയതോടെ പലരും പലിശ ഭാരംകൊണ്ട് വീർപ്പുമുട്ടുന്ന സാഹചര്യവും. ഹൈറേഞ്ച് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കിയാണ് ഇവരുടെ രംഗപ്രവേശനം. തമിഴ്നാട് സ്വദേശികളും നാട്ടുകാരും ഉത്തരേന്ത്യൻ സംഘങ്ങളും വരെ പണം നൽകാനുണ്ട്. 1000 രൂപ മുതൽ ലക്ഷങ്ങൾവരെ ഇവർ ആവശ്യക്കാർക്ക് നൽകും. ബാങ്ക് പലിശയുടെ ഇരട്ടിയോളമാണ് സംഘം ഈടാക്കുന്നത്. വലിയ തുക കടമെടുക്കുന്ന പലർക്കും പലിശ മാത്രമേ അടച്ചുതീർക്കാൻ കഴിയൂ. ഇതോടെ കൈയേറ്റവും ഭീഷണിയും തുടങ്ങും.
ഇവരുടെ കെണിയിൽ അകപ്പെടുന്ന പലരും വലിയ മാനസിക ബുദ്ധിമുട്ടിലേക്കും പ്രയാസത്തിലേക്കുമാണ് പിന്നീട് നീങ്ങുക. അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ വലിയ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം.
കുന്നോളം ബാധ്യത; ഇരുട്ടടിയായി ജപ്തി നടപടി
തൊടുപുഴ: പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കർഷകർക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നടപടികൾ. മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെയാണ് സർഫാസി നിയമപ്രകാരം ബാങ്കുകൾ ജപ്തി നടപടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ജില്ലയിൽ ആയിരക്കണക്കിന് കർഷകർക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസുകൾ ലഭിച്ചതായാണ് കർഷക സംഘടനകൾ പറയുന്നത്. വായ്പകൾക്ക് പലിശയും കൂട്ടുപലിശയും അടക്കം ഇരട്ടിയോളം തിരിച്ചടക്കാനാണ് നോട്ടീസിൽ പറയുന്നത്.
പ്രളയത്തിന്റെയും തുടർന്നുവന്ന കോവിഡിന്റെയും പശ്ചാത്തലത്തിൽ കാർഷിക വായ്പകൾക്ക് ഡിസംബർ 31വരെ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കാലാവധി കഴിഞ്ഞ ശേഷം വായ്പകൾ തിരിച്ചടക്കാത്ത കർഷകർക്ക് എതിരെയാണ് ബാങ്കുകൾ നടപടി തുടങ്ങിയത്. സർഫാസി നിയമപ്രകാരം കൃഷിഭൂമി ജപ്തി ചെയ്യാൻ ഇപ്പോൾ വ്യവസ്ഥ ഇല്ലാത്തതിനാൽ വീടും അനുബന്ധ സ്ഥലവും ജപ്തി ചെയ്യുകയാണ് റവന്യൂ റിക്കവറി നടപടി.
വിളവെടുപ്പ് സീസണിൽ കാർഷിക ഉൽപന്നങ്ങൾക്ക് വില ഇല്ലാതെ വന്നതോടെ കർഷകർ പ്രതിസന്ധിയിലാണ്. കാലാവസ്ഥ വ്യതിയാനം കാരണം കാപ്പി ഉൾപ്പെടെയുള്ളവക്ക് ഉൽപാദനക്കുറവും നേരിട്ടു. കുരുമുളകിന് ദ്രുതവാട്ടവും മഞ്ഞളിപ്പും വ്യാപകമായി ബാക്കിയുള്ള കൃഷിയും നശിച്ചു. ഏലത്തിന് വിലക്കുറവ് രണ്ടുവർഷമായി തുടരുകയാണ്. ഇതോടെ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും വായ്പയെടുത്ത കർഷകരുടെ തിരിച്ചടവ് മുടങ്ങി. ഇളവുകളും സാവകാശവും നൽകാതെ നിരന്തരം ഇടപാടുകാരെ നേരിട്ടും ഫോൺ മുഖേനയും തിരിച്ചടവിന് നിർബന്ധിക്കുന്ന സാഹചര്യം ഒഴിവാക്കിത്തരണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.