റോഡ് നന്നാക്കാതെ വോട്ട് ചോദിച്ച് വരേണ്ട
text_fieldsകട്ടപ്പന: ‘വോട്ട് ചോദിച്ച് വന്നേക്കല്ലേ സാറൻമാരേ’ എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് ഇരുപതേക്കർ -തൊവരയാർ നിവാസികൾ. ഇരുപതേക്കർ -തൊവരയാർ റോഡിന്റെ വർഷങ്ങളായിട്ടുള്ള ദുരവസ്ഥക്കെതിരെയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്. റോഡിനോട് അവഗണന കാണിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ 300 ഓളം കുടുംബങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ -തൊവരയാർ റോഡ് ആണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്നത്. 15 വർഷമായി റോഡ് തകർന്ന് യാത്രാ ക്ലേശം രൂക്ഷമാണ്. നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ അംഗം 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമ്മാണം യാഥാർഥ്യമായില്ല .
റോഡിലെ ഗർത്തങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ പ്രദേശവാസികൾ പിരിവിട്ട് മണ്ണിട്ട് നികത്തിയെങ്കിലും ഇപ്പോൾ യാത്രാക്ലേശം രൂക്ഷമാണ്. വാഹന യാത്രക്കാരും പ്രദേശവാസികളും പൊടിയുടെ ശല്യം മൂലം ആശുപത്രിയിൽ ആയിരങ്ങൾ ചിലവഴിക്കുകയുമാണ്. വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന റോഡ് നവീകരണത്തിനെതിരെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്.
നഗരസഭയിലെ മറ്റ് റോഡുകൾ നവീകരിക്കുമ്പോഴും ഈ പാതയോട് അധികൃതർ അവഗണന മാത്രമാണ് കാണിക്കുന്നതെന്നും ആക്ഷേപമുണ്ട്. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന എളുപ്പമാർഗം കൂടിയാണിത്. എന്നാൽ നഗരസഭയുടെയും മറ്റ് അധികൃതരുടെയും ഭാഗത്തുനിന്ന് വാഗ്ദാനങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. ഇതോടെ കാൽനട യാത്രക്കാരും ഏറെ ക്ലേശം സഹിക്കുകയാണ്. വാഹനങ്ങൾക്ക് അടിക്കടി കേടുപാടുകൾ സംഭവിക്കുന്നതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമായി മാറിക്കഴിഞ്ഞു. റോഡിനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ പാതയടച്ച് പ്രതിഷേധിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
റോഡ് ഗതാഗതയോഗ്യമല്ല; വോട്ട് ബഹിഷ്കരണവുമായി ചേന്നംകോട്
കോടിക്കുളം: ചേന്നംകോട് പ്രദേശവാസികൾ ഇത്തവണത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണ്ണമായും ബഹിഷ്കരിക്കും. പണി തീരാതെ കിടക്കുന്ന ചേന്നംകോട് -അനക്കല്ലുംപാടം-ഇടുക്കട റോഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരണം. 220മീറ്റർ ദൂരമാണ് റോഡ് പൂർത്തിയാക്കേണ്ടത്. 50തിൽ പ്പരം കുടുംബങ്ങൾ ക്ക് പ്രയോജനം ചെയ്യുന്ന റോഡാണ്.
37-വർഷമായി നാട്ടുകാരുടെ നിരന്തര ആവശ്യമാണ് റോഡ് പണിയണം എന്നത്. എന്നാൽ റോഡ് പണിക്ക് പഞ്ചായത്ത് തുക വകയിരുത്തുമ്പോൾ സ്വകാര്യ വ്യക്തി സെക്രട്ടറി ക്കെതിരെ കോടതിയിൽ പോയി സ്റ്റേ സമ്പാദിക്കും. ഇതോടെ റോഡ് പണി മുടങ്ങും. കോടതി അനുകൂല വിധി പുറപ്പെടുവിച്ചാലും വീണ്ടും ഇയാൾ കേസുമായി പോകും. എന്നാൽ പ്രശ്നത്തിൽ പഞ്ചായത്തും ജനപ്രതിനിധികളും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിന് പുറമേ റിലെ സത്യാഗ്രഹം അടക്കം തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ആക്ഷൻ കമ്മിറ്റി ചെയർമൻ കെ.എ. നാരായണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.