വാടക തർക്കം; പൂമാല-കൂവക്കണ്ടം മേഖലയില്‍ ബി.എസ്.എന്‍.എല്‍ സേവനം നിലച്ചു
text_fieldsപൂമാല: സ്വകാര്യ ടവർ കമ്പനിക്ക് വാടക നൽകാത്തതിനെത്തുടർന്ന് ബി.എസ്.എന്‍.എല്‍ സേവനം നിലച്ചു. പന്നിമറ്റം-പൂമാല-കൂവക്കണ്ടം മേഖലകളിലാണ് സേവനങ്ങള്‍ മുടങ്ങിയത്. പന്നിമറ്റത്ത് സ്വകാര്യ കമ്പനിയുടെ ടവറില്‍നിന്നാണ് ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്ക് കണക്ഷന് കേബിള്‍ സ്ഥാപിച്ചിരുന്നത്.
വാടക നല്കാന് ബി.എസ്.എന്‍.എല്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനിയും ബി.എസ്. എന്‍.എല്ലും തമ്മിൽ തർക്കം ഉടലെടുത്തു. പിന്നീട് കേസുമായി. ഇതോടെ ബി.എസ്.എൻ.എൽ സ്വകാര്യ കമ്പനിയുടെ ടവർ സൗകര്യം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. പലതവണ നാട്ടുകാര്‍ ബി.എസ്.എന്‍.എല്ലിനെ സമീപിച്ച് റേഞ്ച് പ്രശ്നം പരിഹരിക്കൻ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല.
ഇതുമൂലം പൂമാല, കൂവണ്ടം, നാളിയാനി, മേത്തൊട്ടി പ്രദേശങ്ങളിലെ ഉപഭോക്താക്കളാണ് ബുദ്ധിമുട്ടുന്നത്. പൂമാല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പി.എച്ച്.സി, ട്രൈബല്‍ ഓഫിസ് തുടങ്ങിയ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ എല്ലാം ബി.എസ്.എന്‍.എല്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. റേഞ്ച് കിട്ടാത്തതിനാല്‍ ഇവരെല്ലാം കൂട്ടത്തോടെ ബി.എസ്.എന്‍.എല്‍ കണക്ഷന് ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. സ്വകാര്യ കമ്പനിയുടെ കണക്ഷൻ എടുക്കുന്നത് മൂലം ഇവർക്ക് വലിയ തുക നൽകേണ്ടി വരുന്നുണ്ട്.
ആദിവാസികളും സാധാരണക്കാരും താമസിക്കുന്ന പ്രദേശങ്ങളോടു ബി.എസ്.എന്‍.എൽ കാണിക്കുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്നും മുമ്പുണ്ടായിരുന്ന ടവറില്നിന്നോ പുതിയത് സ്ഥാപിച്ചോ പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.