കരുതൽ മേഖല; കൃഷിയും ടൂറിസവും ഭീഷണിയിൽ
text_fieldsതൊടുപുഴ: 2021ൽ വനം വകുപ്പ് കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ജില്ലയിൽ സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന കരുതൽ മേഖലയിൽ ഭൂരിഭാഗവും കൃഷിയിടങ്ങളും ടൂറിസം പ്രാധാന്യമുള്ള പ്രദേശങ്ങളും. കരുതൽ മേഖലയിലെ 4959 കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം കൃഷിയും തോട്ടം മേഖലയിലെ തൊഴിലുകളും ടൂറിസവുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പിൽ കരുതൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും കർഷകരും തോട്ടംതൊഴിലാളികളും കടുത്ത ആശങ്കയിലാണ്.
ജില്ലയിലെ അഞ്ച് സംരക്ഷിത വനമേഖലകളുടെ പരിധിയിൽ വരുന്ന കരുതൽ മേഖലയുടെ മൊത്തം വിസ്തീർണം 102.26 ചതരുരശ്ര കിലോമീറ്ററാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരവികുളം ദേശീയ പാർക്ക്, ചിന്നാർ വന്യജീവി സങ്കേതം, ആനമുടി ചോല ദേശീയ പാർക്ക്, കുറിഞ്ഞിമല സങ്കേതം, പാമ്പാടുംചോല ദേശീയ പാർക്ക് തുടങ്ങി അഞ്ച് സംരക്ഷിത വനമേഖലകളുടെ കരുതൽ മേഖലകളാണ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുള്ളത്.
പ്രധാന തോട്ട വിളകൾക്കൊപ്പം ടൂറിസത്തിനുകൂടി പ്രാധാന്യവും ഇതിൽനിന്ന് മികച്ച വരുമാനവും ലഭിക്കുന്ന പ്രദേശങ്ങൾ കരുതൽ മേഖലയുടെ പരിധിയിലാണ്.
ഇരവികുളം നാഷനൽ പാർക്കിൽ 33.7 ചതുരശ്ര കിലോമീറ്റർ, ചിന്നാർ 23.4, ആനമുടി ദേശീയോദ്യാനം 30.7, കുറിഞ്ഞിമല 9.30, പാമ്പാടുംചോല 5.16 എന്നിങ്ങനെയാണ് കരുതൽ മേഖലയുടെ പരിധിയിൽ വരുക. ജില്ലയുടെ കാർഷിക മേഖലയിൽ പ്രാധാന്യമുള്ള പ്രദേശങ്ങളാണ് മറയൂരും വട്ടവടയും.
പാമ്പാടുംചോല ദേശീയോദ്യാനത്തിന് പടിഞ്ഞാറ് ഭാഗത്തെ കെ.ഡി.എച്ച്, ചെണ്ടുവരൈ എസ്റ്റേറ്റ് മേഖല, വട്ടവട വില്ലേജിലെ രണ്ട് ബ്ലോക്കുകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഈ രണ്ട് ബ്ലോക്കുകളും ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളുമാണ്.
തേയില, കാപ്പി കൃഷികളും പരിധിയിൽ
ഇരവികുളം ദേശീയ പാർക്കിന്റെ കരുതൽ മേഖലയിൽ വരുന്ന കെ.ഡി.എച്ച്, മറയൂർ വില്ലേജുകളിലെ കുടുംബങ്ങളുടെ പ്രാധാന വരുമാനം തേയില, കാപ്പി, ടൂറിസം എന്നിവയിൽനിന്നാണ്. ചിന്നാർ അടക്കം വന്യജീവി സങ്കേതങ്ങൾക്ക് സമീപം ഭൂരിഭാഗം ആളുകളും കൃഷിയെയും ടൂറിസത്തെയും ആശ്രയിക്കുന്നവരാണ്. ഇവിടങ്ങളിൽ റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ തുടങ്ങിയ വലിയ സ്ഥാപനങ്ങളും ഉണ്ട്.
ജില്ലയിലെ കാർഷിക മേഖല നിലവിൽ വലിയ പ്രതിസന്ധിയിലാണ്. വന്യമൃഗ ശല്യവും നാണ്യവിളകളുടെ വിലയിടവുംമൂലം കർഷകർ പലരും കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് കരുതൽ മേഖല ഭൂപടം പുതിയ ആശങ്ക ഉയർത്തുന്നത്. പ്രളയവും കോവിഡും സൃഷ്ടിച്ച ആശങ്കയിൽനിന്ന് ജില്ലയിലെ ടൂറിസം മേഖല കരകയറുന്നതിനിടെ പുതിയ ഭൂപടം ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും ആശങ്കയിലാക്കുന്നു.
ഹോട്ടൽ ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുകൾ എന്നിങ്ങനെ നിരവധി പേർ അല്ലാതെയും ജോലി നോക്കുന്നു. ഉപഗ്രഹ സർവേ പോലെ വനംവകുപ്പിന്റെ ഭൂപടവും സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമാണെന്ന ആക്ഷേപവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.