വാഗമണ്ണിൽ ബസ്സ്റ്റാൻഡ്: ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ബസ്സ്റ്റാൻഡ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
സഞ്ചാരികൾക്ക് ഉപയോഗിക്കാവുന്ന വിധം ആവശ്യമായ സൗകര്യങ്ങളോടുകൂടിയ പൊതു ശുചിമുറി രണ്ടു മാസത്തിനകം വാഗമണ്ണിൽ നിർമിക്കാനും ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് കമീഷൻ നിർദേശം നൽകി.
2022 ഡിസംബർ 26ന് ലാൻഡ് റവന്യൂ കമീഷണർ മുഖേന സമർപ്പിച്ച ഫയലിൽ അനുകൂല തീരുമാനമെടുത്ത് ഇടുക്കി കലക്ടറെയും ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിയെയും അറിയിക്കാനാണ് ഉത്തരവ്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ ദിവസങ്ങൾകൊണ്ട് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കണമെന്ന് കമീഷൻ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു.
വാഗമണ്ണിൽ ബസ്സ്റ്റാൻഡും ശുചിമുറിയും നിർമിക്കണമെന്ന പരാതിയിലാണ് നടപടി. വാഗമൺ വില്ലേജിലെ 0.0859 ഹെക്ടർ ഭൂമി 2015ൽ റവന്യൂ വകുപ്പ് ഏലപ്പാറ പഞ്ചായത്തിന് പാട്ടത്തിന് അനുവദിച്ചിരുന്നു.
ഇവിടെയാണ് സ്റ്റാൻഡ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. വാഗമണ്ണിൽ പൊതുശുചിമുറി നിർമിക്കേണ്ടത് പഞ്ചായത്തിന്റെ ബാധ്യതയാണെന്ന് കമീഷൻ ഓർമിപ്പിച്ചു.
അറ്റകുറ്റപ്പണി പൂർത്തിയാക്കി 2023 മാർച്ചിനകം ശുചിമുറി സമുച്ചയം പ്രവർത്തനക്ഷമമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചു. എന്നാൽ, ഒരു നടപടിയും ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരനായ ഡോ. ഗിന്നസ് മാടസാമി അറിയിച്ചു.
സ്റ്റാൻഡ് നിർമാണത്തിന് 2015-2016ലാണ് 30 വർഷത്തേക്ക് പാട്ടത്തിന് സ്ഥലം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയും വകയിരുത്തി. എന്നാൽ, അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചില്ല. മനുഷ്യാവകാശ കമീഷൻ ഇടപെട്ടതോടെയാണ് നിലവിലെ ഭരണസമിതി നടപടി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.