ലോക്ഡൗൺ ഇളവിൽ പ്രതീക്ഷയർപ്പിച്ച് വ്യാപാരമേഖല
text_fieldsഇടുക്കി: ശനിയാഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകൾ പ്രതിസന്ധിയിലായ വ്യാപാര മേഖലക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ. നിലവിൽ ജില്ലയിൽ എ വിഭാഗത്തിൽ 13, ബി വിഭാഗത്തിൽ 25, സി വിഭാഗത്തിൽ 12, ഡി വിഭാഗത്തിൽ നാല് തദ്ദേശസ്ഥാപനങ്ങളുമാണുള്ളത്.
കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗസ്ഥിരീകരണ നിരക്കിെൻറ (ടി.പി.ആർ) അടിസ്ഥാനത്തിൽ തയാറാക്കിയതാണിത്. ഇതിൽ ഡി വിഭാഗത്തിൽപ്പെട്ട ട്രിപിൾ ലോക്ഡൗണുള്ള മാങ്കുളം, കഞ്ഞിക്കുഴി, പെരുവന്താനം, ആലക്കോട് പഞ്ചായത്തുകളിൽ തിങ്കളാഴ്ച ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി കടകൾ തുറക്കാൻ അനുമതി നൽകും.
ഇലക്ട്രോണിക് കടകളും ഇലക്ട്രോണിക് റിപ്പയർ കടകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും എ, ബി വിഭാഗങ്ങളിൽപ്പെടുന്ന പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കാൻ അനുവദിക്കും.
എ, ബി വിഭാഗങ്ങളിൽപ്പെടുന്ന പ്രദേശങ്ങളിൽ മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പോകളും ഒരു ഡോസ് വാക്സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉൾപ്പെടുത്തി മുടിവെട്ടാനായി മാത്രം തുറക്കാം.
എ വിഭാഗത്തിൽപ്പെടുന്ന മൂന്നാർ, കാന്തല്ലൂർ, വട്ടവട, കാഞ്ചിയാർ, കാമാക്ഷി, പീരുമേട്, വണ്ടിപ്പെരിയാർ, മുട്ടം, ബൈസൺവാലി, ഇരട്ടയാർ, ചിന്നക്കനാൽ, ശാന്തമ്പാറ, ഇടമലക്കുടി പഞ്ചായത്തുകളിലും ബി വിഭാഗത്തിൽപ്പെടുന്ന പള്ളിവാസൽ, വെള്ളത്തൂവൽ, മറയൂർ, ദേവികുളം, വാഴത്തോപ്പ്, അയ്യപ്പൻകോവിൽ, കൊന്നത്തടി, കട്ടപ്പന, വാത്തിക്കുടി, മരിയാപുരം, ഏലപ്പാറ, ഉപ്പുതറ, കൊക്കയാർ, കുമളി, കോടിക്കുളം, അറക്കുളം, കരിങ്കുന്നം, തൊടുപുഴ, ഉടുമ്പന്നൂർ, പുറപ്പുഴ, ചക്കുപള്ളം, ഉടുമ്പൻചോല, കരുണാപുരം, വണ്ടന്മേട്, രാജാക്കാട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലുമാണ് ഈ ഇളവുകൾ ലഭിക്കുക.
ഡി വിഭാഗത്തിന് നൽകിയ ഇളവുകൾ സി വിഭാഗത്തിൽപ്പെട്ട അടിമാലി, വെള്ളിയാമറ്റം, മണക്കാട്, കുമാരമംഗലം, വണ്ണപ്പുറം, ഇടവെട്ടി, കരിമണ്ണൂർ, കുടയത്തൂർ, രാജകുമാരി, പാമ്പാടുംപാറ, നെടുങ്കണ്ടം, സേനാപതി എന്നീ തദ്ദേശസ്ഥാപനങ്ങൾക്കും ലഭിക്കും.
ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 15ന് മുകളിൽ ടി.പി.ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും. ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരക്കേറാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ജാഗ്രത കൈവിടരുതെന്നും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ വ്യാപാരികളും ജനങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.