കേബിൾ കുരുക്ക്; കെ.എസ്.ഇ.ബി നോട്ടീസ് നൽകിത്തുടങ്ങി
text_fieldsതൊടുപുഴ: ജില്ലയിൽ വൈദ്യുതി തൂണുകളിൽ അനധികൃതമായും അപകടകരമായും വലിച്ചിട്ടുള്ള കേബിളുകൾ നീക്കാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ അനധികൃത കേബിളുകളും പൊതുജനങ്ങൾക്ക് ഭീഷണിയാകും വിധത്തിൽ വലിച്ചിട്ടുള്ള കേബിളുകളും നീക്കണം എന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയതായി കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.ആർ. രാജീവ് പറഞ്ഞു.
ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതി പോസ്റ്റുകളിലെ കേബിൾ കൂട്ടം കാൽനടക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയാകുന്നതായി മാർച്ച് രണ്ടിന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. 10 ദിവസമാണ് അനധികൃത കേബിളുകൾ നീക്കാൻ അനുവദിച്ചിട്ടുള്ളത്. സമയപരിധിക്കകം നീക്കിയില്ലെങ്കിൽ കെ.എസ്.ഇ.ബി ബലമായി നീക്കുകയും ഇതിന്റെ ചെലവ് ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കുകയും ചെയ്യും. ഇതിനായി പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കാനാണ് തീരുമാനം. ജില്ലയിൽ പീരുമേട്, അടിമാലി, തൊടുപുഴ, കട്ടപ്പന എന്നിങ്ങനെ നാല് ഇലക്ട്രിക്കൽ ഡിവിഷനുകൾക്ക് കീഴിലെ വൈദ്യുതി തൂണുകളിൽനിന്ന് അനധികൃതവും അപകടഭീഷണി ഉയർത്തുന്നതുമായ കേബിളുകൾ നീക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നാല് എക്സിക്യൂട്ടിവ് എൻജിനീയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുകളിലെ സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്ന എല്ലാ കേബിളുകളും നീക്കും. ഓരോ റോഡ് അടിസ്ഥാനത്തിലാകും കെ.എസ്.ഇ.ബി കേബിളുകൾ നീക്കുക. ഇക്കാര്യം പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കേബിളിൽ കുരുങ്ങി യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പോസ്റ്റുകളിലെ അനധികൃത കേബിളുകൾ നീക്കാനും കേബിൾ വലിക്കുന്നത് നിയമാനുസൃതമാണെന്ന് ഉറപ്പാക്കാനുമാണ് കെ.എസ്.ഇ.ബി തീരുമാനം.
ജില്ലയിൽ തിരക്കേറിയ പട്ടണങ്ങളായ തൊടുപുഴയിലും കട്ടപ്പനയിലും അടിമാലിയിലും പീരുമേട് മേഖലയിലെ ഗ്രാമീണ റോഡുകളിലും വൈദ്യുതി തൂണുകളിലെ കേബിൾ ശൃംഖലകൾ പൊതുജനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പുറത്തേക്ക് തള്ളിയും താഴേക്കുവീണും കിടക്കുന്ന ഇവ ഏതുസമയവും അപകടം വരുത്താവുന്ന അവസ്ഥയിലാണ്. ഇവയിൽ പലതും അനധികൃതമായി വലിച്ച കേബിളുകളാണെന്ന് കെ.എസ്.ഇ.ബി അധികൃതർതന്നെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.