അർബുദ ചികിത്സ ഇടുക്കിക്ക് ഇന്നും അകലെ
text_fieldsതൊടുപുഴ: ജില്ലയിൽ അർബുദബാധിതരുടെ എണ്ണം വർധിക്കുേമ്പാഴും കൃത്യമായി രോഗനിർണയവും ചികിത്സയും നടത്താൻ സംവിധാനമില്ലാത്തത് വെല്ലുവിളി. ഹൈറേഞ്ചിലെ പ്രധാന സർക്കാർ ആശുപത്രിയായ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ ചികിത്സക്ക് സൗകര്യമില്ല. ജില്ലയിൽനിന്നുള്ള നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്നത് തിരുവനന്തപുരം ആർ.സി.സിയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയെയും ആണ്. ഹൈറേഞ്ച് മേഖലയിൽനിന്ന് കോട്ടയത്തേക്ക് 100 കിലോമീറ്ററും ആർ.സി.സിയിലേക്ക് 238 കിലോമീറ്ററും സഞ്ചരിക്കണം രോഗികൾ. സർക്കാർ ആശുപത്രികളിൽ തൊടുപുഴ ജില്ല ആശുപത്രിയിൽ കീമോ തെറപ്പി യൂനിറ്റ് ഉണ്ടെന്നത് മാത്രമാണ് അൽപം ആശ്വാസം.
2005ൽ നടത്തിയ കണക്കെടുപ്പിൽ ജില്ലയിലെ മൊത്തം അർബുദബാധിതരുടെ എണ്ണം 1100 ആയിരുന്നു. 2018 ആയപ്പോൾ 3212ലേക്ക് ഉയർന്നു. ഇപ്പോൾ അർബുദം ബാധിച്ച് കിടപ്പുരോഗികളായി മാത്രം കഴിയുന്നവരുടെ എണ്ണം 2020 ആണെന്നാണ് പാലിയേറ്റിവ് വിഭാഗത്തിെൻറ കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്.
ജില്ലയിൽ രോഗ ബാധിതരായവരിൽ ഭൂരിഭാഗവും ആശുപത്രികളിൽ എത്തുന്നത് അർബുദത്തിെൻറ പ്രാരംഭഘട്ടങ്ങൾ കഴിഞ്ഞ ശേഷമാണെന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി. ജില്ലയിൽ പഞ്ചായത്തുകൾ തോറും സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽപോലും കാര്യമായ പങ്കാളിത്തം ഉണ്ടാകാറില്ല. പ്രാരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞ് ചികിത്സിച്ച് ഭേദമാക്കാവുന്ന അർബുദംപോലും ഇതോടെ കണ്ടെത്താൻ കഴിയാതെ വരുന്ന സാഹചര്യമാണ് നിലവിൽ. ഇതാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. രോഗബാധിതരിലേറെയും സ്ത്രീകളാണ്.
സ്തനാർബുദം, ശ്വാസകോശ അർബുദം എന്നിവയാണ് കൂടുതലായും കണ്ടുവരുന്നത്. പരിശോധനക്കും ചികിത്സക്കും മാർഗങ്ങൾ ഇല്ലാത്തത് ഹൈറേഞ്ചിലെ സാധാരണക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. കോവിഡ് കാലമായതിനാൽ പലർക്കും കോട്ടയത്തും തിരുവനന്തപുരത്തുമടക്കം എത്തി ചികിത്സ തേടുന്നതിന് വലിയ ബുദ്ധിമുട്ടാണ്. കോവിഡ് കാലത്ത് മാത്രമല്ല അർബുദ ചികിത്സക്ക് ജില്ലയിൽ പ്രധാന സർക്കാർ ആശുപത്രിയിലെങ്കിലും സൗകര്യം ഏർപ്പെടുത്തണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.
ഇടുക്കി മെഡിക്കൽ കോളജിൽ സൗകര്യമൊരുക്കും –മന്ത്രി റോഷി അഗസ്റ്റിൻ
തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളജിൽ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു റേഡിയോളജിസ്റ്റിനെ നിയമിക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തിരുവനന്തപുരം ആർ.സി.സിയുമായി ബന്ധപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിൽ അർബുദ ചികിത്സ സൗകര്യമൊരുക്കുന്ന കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തും.
ആർ.സി.സി സഹായത്തോടെ ഇടുക്കി മെഡിക്കൽ കോളജിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.