3000 കടന്ന് ഏലം വില; കർഷകർക്കിത് നിരാശക്കാലം
text_fieldsഇടുക്കി: ഉൽപാദനം കുറഞ്ഞതിനൊപ്പം ലേലകേന്ദ്രങ്ങളിൽ പതിവ് കുറഞ്ഞതോടെ വീണ്ടും ഏലം വില 3000 കടന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ 3200 രൂപവരെ ഏലത്തിന് ശരാശരി വില ലഭിച്ചു. ഒന്നര മാസം മുമ്പ് രണ്ടുലേലത്തിലായി ഒരു ലക്ഷത്തിലധികം കിലോ കായ ലേല കേന്ദ്രത്തിൽ പതിവുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ചയിലെ അവസാന ലേലത്തിൽ രണ്ടു ലേല കേന്ദ്രത്തിലായി ആകെ 87,048 കിലോയാണ് പതിഞ്ഞത്.
സീസൺ കഴിഞ്ഞതോടെ ഉൽപാദനത്തിലുണ്ടായ കുറവ് ലേലത്തിലും പ്രതിഫലിച്ചു തുടങ്ങുന്നതാണ് കാരണം. എന്നാൽ, ഏലം വിലയിലെ ചാഞ്ചാട്ടം വൻകിട വ്യാപാരികളുടെ ഇടപെടൽ മൂലമാണെന്ന് കർഷകർ പറയുന്നു. ഉൽപാദനം കൂടുതലുണ്ടായിരുന്നപ്പോൾ വിലയിൽ അനിശ്ചിതത്വം സൃഷ്ടിച്ച് കർഷകരെ ബുദ്ധിമുട്ടിലാക്കുകയും സീസൺ അവസാനിച്ചപ്പോൾ സ്റ്റോക്കിസ്റ്റുകൾക്ക് ലാഭമുണ്ടാക്കാൻ വിപണിയിൽ ഇടപെടുകയും ചെയ്തുവെന്നാണ് കർഷകരുടെ വാദം. സീസൺ ആരംഭിച്ച ജൂണിൽ 2130 രൂപയായിരുന്നു ശരാശരി വില. ജൂലൈയിൽ 2245 രൂപയും ആഗസ്റ്റിൽ 2300 രൂപവരെയും ലഭിച്ചു. സെപ്റ്റംബറിൽ 2400 രൂപയും ഒക്ടോബറിൽ 2300 രൂപയുമായിരുന്ന വില നവംബറിലാണ് 3000 തൊട്ടത്. ഇതിനുശേഷം ഒന്നരമാസത്തോളം വിലയേറിയും കുറഞ്ഞും ചാഞ്ചാടി. സീസൺ അവസാനിക്കാറായതോടെയാണ് വില വീണ്ടും 3000 കടന്നത്. ഭൂരിഭാഗം ചെറുകിട കർഷകരും ഏലക്ക വിറ്റൊഴിഞ്ഞ ശേഷമാണ് വിലക്കയറ്റമെന്നതിനാൽ വൻകിട കർഷകർക്കും വ്യാപാരികൾക്കും മാത്രമാണ് ഇപ്പോഴത്തെ വിലവർധനയുടെ പ്രയോജനം. 2019 ആഗസ്റ്റിലാണ് ആദ്യമായി ഏലത്തിന്റെ ശരാശരി വില 4000 കടന്നത്.
കഴിഞ്ഞ വേനൽക്കാലം നൽകിയ തിരിച്ചടിയിൽനിന്ന് പതിയെ കരകയറിക്കൊണ്ടിരിക്കുന്ന ജില്ലയിലെ ഏലം മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നതാണു ഹൈറേഞ്ചിലെ കുറഞ്ഞ മഴക്കണക്കുകൾ നൽകുന്ന സൂചനകൾ. നവംബർ 15 മുതൽ ചൊവ്വാഴ്ചവരെ എട്ട് സെന്റീമീറ്റർ മഴ മാത്രമാണ് ഏലം കൃഷി ചെയ്യുന്ന മേഖലകളിൽ ലഭിച്ചത്. ലോറേഞ്ചിൽ ഉൾപ്പെടെ ഇതിന്റെ ഇരട്ടി മഴ ലഭിച്ചപ്പോഴാണിത്. ഉപരിതല ജലസ്രോതസ്സുകളും വറ്റിയതോടെ ഏലച്ചെടികൾക്കു നനയൊരുക്കാൻ കർഷകർക്ക് കഴിഞ്ഞില്ല. 2024 ജനുവരി ഒന്ന് മുതൽ ജൂലൈ 31വരെ 17,944 ഏലം കർഷകർക്കാണു കൃഷി നാശമുണ്ടായത്. 4368.8613 ഹെക്ടറിലെ ഏലം നശിച്ചതിനാൽ 10.93 കോടിയുടെ നാശനഷ്ടവുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് വിലക്കയറ്റം ഏലം കർഷകർക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.