വെല്ലുവിളികൾക്കിടെ ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വത്തിൽ സി.പി. മാത്യു
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ കോൺഗ്രസിെൻറ പുതിയ അമരക്കാരനായി സി.പി. മാത്യു (74) എത്തുന്നു. പാർട്ടി നിരവധി വെല്ലുവിളികൾക്ക് നടുവിൽ നിൽക്കുന്ന നിർണായക ഘട്ടത്തിലാണ് മാത്യു നേതൃത്വം ഏറ്റെടുക്കുന്നത്. ഗ്രൂപ്പുകളുടെ അതിപ്രസരം അവസാനിപ്പിച്ച് പാർട്ടിയുടെ അച്ചടക്കവും കെട്ടുറപ്പും തിരിച്ചുപിടിക്കുക എന്നത് തന്നെയാകും പുതിയ ഡി.സി.സി അധ്യക്ഷന് മുന്നിലെ പ്രധാന വെല്ലുവിളി.
യു.ഡി.എഫിന് വളക്കൂറുള്ള ഇടുക്കിയിൽ കോൺഗ്രസിെൻറ മുതിർന്ന നേതാക്കളിൽ ഒരാളെ തന്നെ ഉത്തരവാദിത്തം ഏൽപിക്കുേമ്പാൾ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് വ്യക്തമായ ചില കണക്കുകൂട്ടലുകളുണ്ട്. നിലവിൽ കെ.പി.സി.സി അംഗമാണ് മാത്യു. മറ്റൊരു കെ.പി.സി.സി അംഗവും യു.ഡി.എഫ് ജില്ല ചെയർമാനുമായ അഡ്വ. എസ്. അശോകനെ മാറ്റി മാത്യുവിനെ അധ്യക്ഷനാക്കാൻ തീരുമാനിച്ചത് അവസാന നിമിഷമാണ്.
കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസിെൻറ ശക്തമായ പിന്തുണയാണ് മാത്യുവിന് അനുകൂലമായ പ്രധാന ഘടകം. കോട്ടയത്ത് ഇൗഴവ പ്രാതിനിധ്യം ഉറപ്പായതോടെ ഇടുക്കിയിൽ ക്രിസ്ത്യൻ സമുദായത്തെ പരിഗണിച്ചതും മാത്യുവിന് സഹായകമായി. ജില്ലയിൽനിന്ന് പട്ടികയിൽ ഉണ്ടായിരുന്ന എം.എൻ. ഗോപി, ജോയി വെട്ടിക്കുഴി എന്നിവർ ആദ്യമേതന്നെ പുറത്തായിരുന്നു.
വ്യക്തികേന്ദ്രീകൃത ഗ്രൂപ്പുകളുമായി അച്ചടക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജില്ലയിൽ കോൺഗ്രസ്. 20 വർഷമായി ജില്ലയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ഒരു എം.എൽ.എയെ നിയമസഭയിലേക്ക് അയക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം വെല്ലുവിളികളെ മാത്യുവിന് എങ്ങനെ അതിജീവിക്കാനാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
തൊടുപുഴ തെക്കുംഭാഗം ചവിട്ടാനിയിൽ സി.പി. മാത്യു തൊടുപുഴ ന്യൂമാൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജില്ലയിൽ പാർട്ടി നയിച്ച ഒേട്ടറെ സമരമുഖങ്ങളിൽ സജീവസാന്നിധ്യമായി. 1969ൽ ന്യൂമാൻ കോളജിൽ കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായി.
കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതിയംഗം, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്, ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡൻറ്, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
കോൺഗ്രസിെൻറ പ്രതാപം തിരിച്ചുപിടിക്കും
തൊടുപുഴ: ജില്ലയിൽ കോൺഗ്രസിെൻറ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് നിയുക്ത ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. ബൂത്ത്തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തും.
ഗ്രൂപ്പുകൾക്കതീതമായി എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകും. ജില്ലയിൽ കോൺഗ്രസ് ഇപ്പോഴും ശക്തമായ പാർട്ടിയാണ്. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും സംഘടനാപരമായ വീഴ്ചകളുമാണ് ജില്ലയിൽ കോൺഗ്രസിന് എം.എൽ.എ ഇല്ലാതാകാൻ കാരണം. അത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കും. ഗ്രൂപ്പുകളുടെ അതിപ്രസരം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സി.പി. മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.