വാട്ടർ ഷെഡ് മൺചിറ ചെക്ക് ഡാം പദ്ധതി പാഴായി; നഷ്ടം 2.3 കോടി
text_fieldsതൂക്കുപാലം: മണ്ണുപര്യവേക്ഷണ വകുപ്പ് രണ്ടുകോടി 30 ലക്ഷം രൂപ മുടക്കി ആവിഷ്കരിച്ച വാട്ടർ ഷെഡ് മൺചിറ ചെക്ക് ഡാം പദ്ധതി പാഴായി. തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജലദൗർലഭ്യം കുറക്കുന്നതിനായി 2021-’22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇസ്രയേൽ ടെക്നോളജി പ്രയോജനപ്പെടുത്തി നടപ്പാക്കിയ പദ്ധതിയാണ് വെള്ളത്തിലായത്. വേണ്ടത്ര പഠനം നടത്താതെയുള്ള നിർമാണം തിരിച്ചടിയായെന്നാണ് സൂചന. നെടുങ്കണ്ടം പഞ്ചായത്തിലെ 10, 11, കരുണാപുരം പഞ്ചായത്തിലെ 1, 2, 3, 4, 5, 6, 7, 9, 17 വാർഡുകളിലാണ് പദ്ധതി നടപ്പാക്കിയത്. കർഷകർക്ക് ജലസേചനത്തിനായും പ്രദേശത്ത് നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനും കൂടാതെ പ്രദേശത്തെ കുടിവെള്ളസ്രോതസ്സുകളിൽ ജലവിതാനം ഉയർത്തുന്നതിനും കുഴൽക്കിണറുകളും തോടുകളും ജലസമൃദ്ധമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിട്ടത്. ഇസ്രയേൽ ടെക്നോളജിയിൽ 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മൺചിറ ചെക്ക് ഡാം ആറ്, ഏഴ് വാർഡുകളിലായി നിർമിച്ചിരുന്നു.
ഇതിൽ ആറാം വാർഡിൽ നിർമിച്ച മൺചിറ ചെക്ക് ഡാം നിർമാണം പൂർത്തീകരിച്ച് ഒന്നര വർഷമായപ്പോൾ ചിറ അകന്നുമാറി വെള്ളം പുറത്തേക്ക് ഒഴുകി പൂർണമായും തകർന്നു. പുതിയ മൺചിറയിലും വിള്ളലുകൾ രൂപപ്പെട്ടു. തകർന്ന മൺചിറയിൽ അറ്റകുറ്റപ്പണി ചെയ്തെങ്കിലും ഫലം കണ്ടിട്ടില്ല. പ്രദേശത്തെ മൂന്ന് കർഷകർ വിട്ടുനൽകിയ ഭൂമിയിലാണ് ജലം സംഭരിക്കാനായി മൺചിറ ചെക്ക് ഡാം നിർമിച്ചത്.
എന്നാൽ സർക്കാറിന് ലക്ഷങ്ങൾ നഷ്ടമായതല്ലാതെ കാര്യമായ ഗുണം നാട്ടുകാർക്ക് കിട്ടിയിട്ടില്ല. 11 പേരടങ്ങിയ ബെനഫിഷ്യറി കമ്മിറ്റിയാണ് നിർമാണ പ്രവൃത്തിക്ക് നേതൃത്വം നൽകിയത്. വിവിധ പഞ്ചായത്തുകളിലായി വാട്ടർ ഷെഡുകൾ നിർമിക്കുകയും ചെയ്തു. ഭൂരിഭാഗം വാട്ടർ ഷെഡും ഉപയോഗശൂന്യമാണിപ്പോൾ. ചോർച്ചയാണ് മുഖ്യ പ്രശ്നം.
ഓരോ കർഷകരും വിട്ടുനൽകിയ രണ്ടുസെന്റ് ഭൂമിയിൽ പത്തടി വീതിയിലും നീളത്തിലും താഴ്ചയിലുമാണ് നിർമാണം പൂർത്തീകരിച്ചത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് രണ്ടുപദ്ധതികളും പൊളിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.